November 6, 2013

യാത്രയക്കപ്പെടുന്ന ബലിമൃഗങ്ങളുടെ ഏകാന്തത

December 25, 2012 at 22:17


തങ്ങളെ യാത്രയയക്കാന്‍ അല്ലെങ്കില്‍ സ്വീകരിക്കാന്‍ ആരെങ്കിലും റെയില്‍വേ സ്റ്റേഷനിലോ എയര്‍പോര്‍ട്ടിലോ ബസ്‌ സ്റ്റാന്‍ഡിലോ വരുമ്പോഴാണ്‌ ഒരു നഗരം വീട് പോലെ അനുഭവപ്പെടാറുള്ളത് എന്ന് പറയാറുണ്ട്‌. നഗരങ്ങളില്‍ സ്ഥിര താമസമാക്കിയ പലര്‍ക്കും വല്ലപ്പോഴും സന്ദര്‍ശകരായി എത്തുന്നവരെ യാത്രയാക്കാലും സ്വീകരിക്കലും ഒരു സ്ഥിരം ചടങ്ങ് ആകാറുണ്ട്. എന്നാല്‍ നഗരം വിട്ടു പോകുന്നവരെ യാത്രയാക്കലാണ് ഏറ്റവും വേദന നിറഞ്ഞ അനുഭവം എന്ന് സ്ഥിരം യാത്രയയപ്പുകാര്‍ പറയും. റെയില്‍വേ സ്റ്റേഷന് അടുത്ത് താമസിക്കുന്നത് കൊണ്ട് സ്ഥിരമായി യാത്രയപ്പുകാരന്‍ ആകേണ്ടി വരുന്ന ഒരു സുഹൃത്ത്‌ എനിക്കുണ്ട്. നഗരം വിട്ടു പോകുന്നവരെ യാത്രയാക്കി മനസ്സ് മരവിച്ചു പോയി എന്നാണ് ഒരിക്കല്‍ അവന്‍ എന്നോട് പറഞ്ഞിട്ടുള്ളത്. പിന്നീട് ഒരിക്കലും കണ്ടു മുട്ടാന്‍ സാധ്യത ഇല്ല എന്ന് കരുതുന്ന സുഹൃത്തുക്കളെ യാത്രയാക്കുമ്പോള്‍ ഒരു ശവ മഞ്ചം ചുമക്കുന്ന നിര്‍വികാരത പലപ്പോഴും അനുഭവപ്പെടാറുണ്ട്. യാത്രയയപ്പുകാരനില്‍ നിന്നും യാത്രയാക്കപ്പെടുന്ന ആളിലേക്ക് നോക്കിയാല്‍, ഒരു ബലി മൃഗത്തെ ബലിക്കായി കൊണ്ട് പോകുന്ന പോലെയാണ് ആ ആള്‍ എനിക്ക് അനുഭവപ്പെടാറുള്ളത്. യാത്രയക്കുന്നവരും യാത്രയക്കപ്പെടുന്നവരും എത്രയും പെട്ടെന്ന് ഈ ചടങ്ങ് ഒന്ന് അവസാനിച്ചു കിട്ടിയിരുന്നെങ്കിലെന്നു കരുതാറുണ്ട്‌. ട്രെയിനിന്‍റെ അല്ലെങ്കില്‍ ഫ്ലൈറ്റിന്റെ അല്ലെങ്കില്‍ ബസ്സിന്‍റെ പുറപ്പെടല്‍ സമയം ആവാനുള്ള ഒരു കാത്തിരിപ്പ്‌. അത് കഴിഞ്ഞാല്‍ കുഴി മാടത്തില്‍ മൃതദേഹം ഇറക്കി വെച്ച് തിരിച്ചു നടക്കുന്ന ബന്ധു മിത്രാദികളുടെതിനു സമാനമായ ഒരു നിര്‍വികാരതയോടെയുള്ള ഒരു തിരിഞ്ഞു നടത്തം. അതിനുള്ള കാത്തിരിപ്പാണ് ചിലപ്പോഴൊക്കെ യാത്രയപ്പുകള്‍. യാത്രയാക്കുമ്പോള്‍ പല ഓര്‍മ്മകളുടെ കൂടി മരണമാണല്ലോ സംഭവിക്കുന്നത്. ഓര്‍മ്മകള്‍ മരിക്കുമ്പോള്‍ നമ്മളും മരിക്കും എന്ന് പറയുന്നത് സത്യമായിരിക്കാം.എന്നെന്നേക്കുമായി യാത്രയയച്ച ചിലര്‍ തിരിച്ചു വരുമ്പോള്‍ അതൊരു പ്രേതത്തിന്റെ തിരിച്ചു വരവ് പോലെ അനുഭവപ്പെടുമോ? അറിഞ്ഞു കൂടാ. എന്നാല്‍ യാത്രയക്കപ്പെട്ട ആളുടെ ബസ്സോ ട്രെയിനോ ലേറ്റ് ആകുമ്പോള്‍ ബലിക്ക് നിശ്ചയിക്കപ്പെട്ട മൃഗത്തിന് അഞ്ചു അല്‍പ സമയം കൂടെ നീട്ടി കിട്ടുമ്പോള്‍ ഉണ്ടാകുന്ന തരത്തിലുള്ള ഒരു തരം അനുഭവമാണ് ഉണ്ടാവാറുള്ളത്. മരണത്തിനു നിശ്ചയിക്കപ്പെട്ട ഒരാള്‍ക്ക് (ബലി മൃഗമോ ചാവേറോ ആകട്ടെ) അല്‍പ നേരം കൂടെ നീട്ടി കിട്ടുന്നത് അസഹാനീയമാകുമല്ലോ. ഒരിക്കല്‍ ഒരു കൂട്ടുകാരനെ യാത്രയാക്കാന്‍ പോയ അനുഭവം വേറെ ചിലര്‍  പറഞ്ഞിട്ടുണ്ട്. ഇനിയൊരിക്കലും കാണാന്‍ പറ്റിയെന്നു വരില്ല എന്നെല്ലാമുള്ള സങ്കടം പറയലുകള്‍ക്കും കരച്ചിലിനും ശേഷം കൂട്ടുകാര്‍ തിരിഞ്ഞു നടക്കാനും ബസ്‌ മുന്നോട്ട് എടുക്കാനും തുടങ്ങി. എന്നാല്‍ ഏതാണ്ട് ഇരുന്നൂര്‍ മീറ്റര്‍ അകലെ ബസ്സ്‌ അര മണിക്കൂറോളം നിര്‍ത്തിയിട്ടപ്പോള്‍ തനിക്ക് ബലിക്ക് താമസം നേരിടുന്ന ഒരു ബലി മൃഗത്തിന്‍റെ മാനസികാവസ്ഥ ആണ് ഉണ്ടായത് എന്ന് ആ കൂട്ടുകാരന്‍.  ഒരിടത്ത് എന്ന തന്‍റെ കഥയില്‍ ബലിക്കു താമസം നേരിടുമ്പോള്‍ ബലിക്കിരയാവേണ്ട തവളയുടെ മനോവ്യാപാരങ്ങള്‍ വരച്ചിടുന്നുണ്ട് സക്കറിയ. ബലിക്ക് നിശ്ചയിക്കപ്പെട്ടത് കൊണ്ട് തന്നെ ഒരു തിരിച്ചു പോക്ക് സാധ്യമല്ല. എന്നാല്‍ തന്നെ തേടി ഒരു വേട്ടക്കാരനും വരുന്നില്ല. തന്‍റെ ബലിയും കാത്തു നില്‍ക്കുന്ന മറ്റു തവളകളുടെ പിന്നില്‍ നിന്നുള്ള ദൃഷ്ടികളെ കുറിച്ചുള്ള ബോദ്ധ്യം ആ ബലി തവളയെ എകാന്തനാക്കുകയാണ്. ഒരു പക്ഷെ ബലിക്ക് നിശ്ചയിക്കപ്പെട്ട ആളും യാത്രയച്ചിട്ടും യാത്ര പുറപ്പെടാന്‍ വൈകുന്ന ആളും പെനാല്‍റ്റി കിക്ക് കാത്തു നില്‍ക്കുന്ന ഗോളിയും (The Goalie's Anxiety at the Penalty Kick എന്ന നോവലിനോടും ഹിഗ്വിറ്റ എന്ന എന്‍ എസ് മാധവന്‍റെ കഥയോടും കടപ്പാട്) ആയിരിക്കാം ഏറ്റവും എകാന്തന്മാര്‍. 

No comments: