April 11, 2012

ഒരു ബുദ്ധിജീവിയുടെ ജനനം


(Disclaimer: ഈ കഥ എഴുതിയത് ഞാനാണെങ്കിലും ഇതിന്‍റെ ഉള്ളടക്കത്തിന് മേല്‍ എനിക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല.)

പഞ്ചായത്ത് മുഖേന സൌജന്യ കാലിത്തീറ്റ വിതരണം ചെയ്യുന്നതിന് മുന്‍പ്‌ അമ്മിണി ചേച്ചിയുടെ പശു എങ്ങനെയായിരുന്നോ അത് പോലെ മെലിഞൊട്ടി നിന്നിരുന്ന അവന്‍ പാര്‍ട്ടിയെ നയിക്കാന്‍ സൈദ്ധാന്തിക അടിത്തറയുള്ള യുവാക്കള്‍ വേണമെന്നുള്ള നാട്ടിലെ സഖാക്കാളുടെ നിര്‍ബന്ധത്തിന്‌ വഴങ്ങിയാണ് സഖാവ് കമലേഷ് സ്മാരക വായനശാലയില്‍ ടിവിയും കണ്ടു മനോരമയും വായിച്ചു നേരം കളയുന്നത് മതിയാക്കി കോളേജില്‍ ചേരാമെന്ന് വെച്ചത്. പ്ലസ്‌ടുവിന് വര്‍ഗ വിരോധികളായ മറ്റുള്ളവര്‍ക്ക് മാര്‍ക്കിന്റെ കാര്യത്തില്‍ സര്‍പ്ലസ്‌ ഉണ്ടായിരുന്നത് കൊണ്ട് തന്നെ മാര്‍ക്സ് മാത്രം കൂട്ടുള്ള അവന് ഒരു സീറ്റ്‌ കിട്ടല്‍ അവനു അത്ര എളുപ്പമായിരുന്നില്ല. എയ്ഡഡ് കോളെജുകള്‍ മുഴുവന്‍ സമുദായ പാര്‍ട്ടിയുടെ നിയന്ത്രണത്തിലായതിനാല്‍ ഒരു സൈധാന്തികന്റെ ജനനത്തിനു വേണ്ടി അവരുടെ നേതാവിന്‍റെ കാലു പിടിക്കുക എന്ന ചെറിയൊരു പ്രത്യയശാസ്ത്രവിട്ടുവീഴ്ചയൊക്കെ നടത്തുന്നതില്‍ തെറ്റില്ല എന്ന നിഗമനത്തില്‍ അവനെത്തി. (അച്യുതാനന്ദന്‍ ബാധ പിടിപ്പെട്ട ഏതെങ്കിലും സഖാവ് ചോദിച്ചാല്‍ ‘അടവ് നയം’ ആണെന്ന് പറഞ്ഞാല്‍ മതിയെന്ന് ലോക്കല്‍ കമ്മിറ്റി സെക്രെട്ടറി ഉപദേശവും നല്‍കി). അങ്ങനെ ഒടുവില്‍ അഡ്മിഷനൊക്കെ തരപ്പെടുത്തി കോളേജില്‍ പോയി തുടങ്ങിയപ്പോഴാണ് തന്റെ മുഖത്തെ താടിയെല്ല് കാണുമ്പോള്‍ വര്‍ഗസമര വിരോധികളും സ്വത്വവാദികളും ആണെങ്കിലും മനസിനുള്ളില്‍ ഒരു എ കെ ജി ഭവന്‍ പണിയാന്‍ കെല്‍പ്പുള്ള തരുണീമണികള്‍ക്ക് ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം എന്ന കീഴാള വിരുദ്ധ പഴഞ്ചൊല്ല്‌ അസ്ഥാനത്ത്‌ ഓര്മ വരുമോ എന്നൊരു സൈദ്ധാന്തിക ശങ്ക അവനെ പിടികൂടിയത്. ഒരു സുഹ്ര്തിന്റെ ഉപദേശം സ്വീകരിച്ചു ഒരാഴ്ച ബ്ലേഡ് മുഖത്തോടടുപ്പികാതിരുന്നപ്പോള്‍ പറശിനിക്കടവിലെ പാര്‍ട്ടി സ്പോണ്‍സേര്‍ഡ് കണ്ടല്‍ പാര്‍ക്ക്‌ വരുന്നതിനു മുന്‍പുള്ള കണ്ടല്‍ കാട് പോലെയായി അവന്റെ മുഖം. ആഗതമായിരിക്കുന്ന വര്‍ഗ വിപ്ലവത്തിന് തൊട്ടു മുന്‍പുള്ള വലിയൊരു സൈദ്ധാന്തിക പ്രശ്നം അങ്ങനെ പരിഹരിച്ച നിര്‍വൃതിയില്‍ ഇരിക്കുമ്പോഴാണ് അടുത്ത പ്രതിസന്ധി തല പൊക്കുന്നത്.
ഗ്രാമങ്ങള്‍ നഗരങ്ങളെ വളയുമെന്ന മാവോയുടെ വാക്കുകളെ ചില ഘടനാവാദാനന്തര സാഹിത്യനിരൂപകരെ പോലെ വ്യാഖ്യാനിച്ചപ്പോള്‍ മനസിലായതനുസരിച്ച് അവന്‍ സാദ്ധ്യമാക്കാന്‍ ഉദ്ദേശിച്ചത്‌ പട്ടണങ്ങളില്‍ നിന്നും പഠിക്കാന്‍ വരുന്ന പെണ്‍പിള്ളേരെ വളച്ചെടുത്ത് കൊണ്ടാണ്. ഇത് വരെ സ്ഥിരവേഷമായിരുന്ന മുണ്ടിന് പരിഷ്കാരം പോരാ എന്നും കട്ടന്‍ ചായയും പരിപ്പ് വടയും മാത്രം മാറ്റിയാല്‍ പോരാ എല്ലാവരും ദേശീയ സെക്രെട്ടറിയെ പോലെ പാന്റ്സ് ധരിക്കണമെന്ന് അടുത്ത ലോക്കല്‍ കമ്മിറ്റിയില്‍ പ്രമേയം പാസാക്കണമെന്നും അവനു തോന്നി തുടങ്ങി. അങ്ങനെ തന്‍റെ വേഷം ജീന്‍സിലെക്ക് മാറ്റി അവന്‍. പക്ഷെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കൃത്യ സമയത്ത് ഷട്ടര്‍ ഇടാന്‍ തമിഴ്നാട് ഉദ്യോഗസ്ഥര്‍ മറക്കുന്നത് പോലെ മൂത്രമൊഴിച്ച ശേഷം പാന്റ്സിന്റെ സിപ്‌ ഇടാന്‍ അവന്‍ മറക്കുന്നതും അത് കണ്ടു പലരും ചിരിക്കുന്നതും നിത്യ സംഭവമായി. നാട്ടിലെ പാര്‍ട്ടി വായനശാലയില്‍ മഴക്കാലത്ത് ടാര്‍ പായയുടെ തുളയിലൂടെ വെള്ളം വരുന്നത് തടയാന്‍ തുളകള്‍ മറക്കുന്ന വിധത്തില്‍ തൊട്ടു മുന്‍പ് നടന്ന പാര്‍ട്ടി സമ്മേളനത്തിനുപയോഗിച്ച ഫ്ലെക്സ്‌ ബോര്‍ഡുകള്‍ കൊണ്ട് മറക്കുന്നത് പോലെ സിപ്പിന്റെ ഭാഗം മറയുന്ന വിധത്തില്‍ ഒരു ജുബ്ബ ധരിച്ചാല്‍ തന്റെ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് അവന്‍ കണ്ടെത്തി. അങ്ങനെ ജുബ്ബയായി അവന്റെ സ്ഥിരം വേഷം. കുറച്ചു കാലം പ്രശ്നങ്ങളൊന്നുമില്ലാതെ അങ്ങനെ കഴിഞ്ഞു പോയി.
നാട്ടില്‍ പണ്ട് വല്ല്യുപ്പയുടെ ജുബ്ബാ പോക്കറ്റില്‍ നിന്ന് ബീഡി കട്ടെടുത്തു വലിച്ചിരുന്ന ശീലം മാത്രം അവന് മാറ്റാന്‍ കഴിയാത്തത് സുന്ദരികളെ വളയ്ക്കുക എന്നുള്ളത് പരാജയപ്പെട്ട ഒരു വിപ്ലവമായി മാറി. ബീഡി വലി ശീലം മാറ്റാതിരുന്നത് ചരിത്രപരമായ ഒരു വിഡ്ഢിത്തമായി എന്ന് അവന്‍ തോന്നിയെങ്കിലും അന്ന് മുതല്‍ അവന് പുതിയൊരു സ്വതം വീണു കിട്ടി-ബുദ്ധിജീവി. ക്ലാസ്സില്‍ അവന്‍ നോട്ടമിട്ടിരുന്ന ഉണ്ടക്കണ്ണി അവനെ ബുദ്ധിജീവി എന്ന് വിളിച്ച ആ സമയത്ത് തന്നെ അവനെ കോളേജില്‍ പഠിക്കാന്‍ നിര്‍ബന്ധിച്ചയച്ച ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, ഉത്തരാധുനികരില്‍  നിന്ന് ഗ്രാംഷിയെ മോചിപ്പിക്കാനും തിരിച്ചു പിടിക്കാനും വേണ്ടി പാര്‍ട്ടി നടത്തിയ ഒരു പഠന ക്ലാസ്സില്‍ ഗ്രാംഷിയുടെ The Formation of the Intellectuals എന്ന ലേഖനത്തിന്‍റെ നോട്ട്സ് കുറിച്ചെടുക്കുകയായിരുന്നു.

No comments: