November 6, 2013

പുട്ടും പ്രതാപവും

October 5, 2012 at 22:01

ഇഫ്ലു മെസ്സിനെ കുറിച്ച് പറയാറുള്ളത് മെസ്സില്‍ ജോയിന്‍ ചെയ്തില്ലെങ്കില്‍ എവിടുന്ന് ഭക്ഷണം കഴിക്കണം എന്നാലോചിച്ചാല്‍ മതി എന്നാല്‍ മെസ്സില്‍ ചേര്‍ന്നാല്‍ ഭക്ഷണം കഴിക്കണോ എന്ന് തന്നെ ആലോചിക്കേണ്ടി വരും എന്നാണ്. മെസ്സില്‍ നിന്നും അവധിയെടുത്ത് നില്‍ക്കുന്ന ഇന്ന് രാത്രിയില്‍ ഭക്ഷണം എവിടുന്ന് കഴിക്കണം എന്ന് ചോദിക്കാന്‍ സുഹൃത്ത്‌ ഷരീഫിന്‍റെ മുറിയില്‍ പോയപ്പോള്‍ അവന്‍ പണവും പ്രതാപവും നമുക്കെന്തിനാ, പുട്ടുണ്ടല്ലോ പുട്ടിന്‍ പൊടിയുണ്ടല്ലോ" എന്ന പാട്ട് തിരിച്ചും മറിച്ചും കേട്ട് കൊണ്ടിരിക്കുകയാണ്. എവിടുന്നാ പുട്ട് കഴിക്കാന്‍ പറ്റുക എന്നവന്‍ ചോദിച്ചപ്പോള്‍ ഹൈദരാബാദിലെ കേരള ഭക്ഷണശാലകളോടുള്ള മുന്‍ വിധി മാറ്റി വെച്ചു സെക്കന്തെരാബാദിലെ ജെം ഹോട്ടെലില്‍ പോകാമെന്ന് വെച്ചു. ഭക്ഷണത്തിന്‍റെ രാഷ്ട്രീയത്തെ കുറിച്ച് നിരന്തരം സംസാരിക്കുമെങ്കിലും വേണ്ട വിധം ഭക്ഷണം കഴിക്കാത്തതിനാല്‍ ഞാന്‍ മുരിങ്ങാക്കോല്‍ പോലെ ആകുന്നുണ്ടെന്നും ഏതെങ്കിലും 'സവര്‍ണര്‍' സദ്യക്കൊപ്പം വിളമ്പുന്ന സാമ്പാറില്‍ ഇടാന്‍ എന്നെ ഉപയോഗിച്ചേക്കും എന്നൊക്കെ ചില സുഹൃത്തുക്കള്‍ കളിയാക്കാറുണ്ട്. എന്നാല്‍ പിന്നെ കാര്യമായി അല്‍പ്പം എന്തെങ്കിലും തട്ടാം എന്ന് വെച്ചു. 
ആദ്യം തന്നെ ഓരോ പ്ലേറ്റ് പുട്ടും ഒരു ചിക്കന്‍ ഉലര്‍ത്തിയതും ഓര്‍ഡര്‍ ചെയ്തു. അതിനിടക്ക് പുട്ട് പണ്ട് മുതലേ ഒരു കീഴാള ഭക്ഷണമായിരുന്നു എന്നും അതിനാല്‍ തന്നെ കീഴാളന്‍റെ ഭക്ഷണ ശീലത്തെ പരിഹസിക്കാന്‍ പുട്ടിനെ കണ്ടിയപ്പം എന്നാണ് വരേണ്യര്‍ വിളിക്കാരുണ്ടായിരുന്നത് എന്നുമുള്ള കെ ഇ എന്നിന്‍റെ പുസ്തകത്തില്‍ നിന്ന് കിട്ടിയ ജ്ഞാനം വിളമ്പാന്‍ തുടങ്ങിയ എന്നില്‍ നിന്ന് ഷരീഫിനെ രക്ഷിച്ചത്‌ പ്രതീക്ഷിച്ചതിലും നേരത്തെ എത്തിയ പുട്ടും ചിക്കനും ആയിരുന്നു. കൈരളിക്കാര്‍ കേരളീയത്തിനു ചിക്കന്‍ വിളമ്പുന്നതില്‍ പ്രശനം കണ്ടെത്തുകയും എന്നിട്ട് ഇവിടെ വന്നു പോത്തോ പന്നിയോ കഴിക്കാതെ നീ എന്തിനാ ചിക്കന്‍ കഴിക്കുന്നത് എന്ന് അതിനിടെ ഷരീഫ് എന്നെയൊന്നു വാരി. ഏതായാലും നല്ല തേങ്ങയും കൊത്ത മല്ലിയും എല്ലാം ഇട്ട ചിക്കന്‍ ഉലര്‍ത്തിയത് രണ്ടു പേര്‍ക്കും നന്നായി പിടിച്ചു. പുട്ട് കഴിച്ചു തീര്‍ന്നിട്ടും ചിക്കന്‍ ഉലര്‍ത്തിയത് തീരാതിരുന്നപ്പോ ഓരോ പ്ലേറ്റ് ഇടിയപ്പം കൂടി ഓര്‍ഡര്‍ ചെയ്യേണ്ടി വന്നു. ഇടിയപ്പത്തിനു തന്‍റെ നാട്ടില്‍ നൂല്‍പ്പുട്ട് എന്നാണ് പറയുക എന്നും അതിനാല്‍ നമ്മള്‍ കഴിക്കുന്നത് പുട്ട് തന്നെയാണെന്നും സിദ്ധാന്തം ചമച്ചു ഷരീഫ്. കോഴിയുടെ എരിവു വല്ലാതെ അങ്ങ് ആയപ്പോള്‍ പണ്ടത്തെ സാമ്രാജ്യത്വ വിരോധം ഒക്കെ മറന്നു കോളയില്‍ അഭയം തേടേണ്ടി വന്നു രണ്ടിനും. ഏതായാലും എല്ലാം നന്നായി ആസ്വദിച്ചു ഭക്ഷണത്തിനു പ്രൊഫഷണല്‍ റിവ്യൂക്കാര്‍ നല്‍കുന്ന പോലെ എത്ര മാര്‍ക്ക് നല്‍കാം എന്നായി പത്രപ്രവര്‍ത്തകന്റെ കുപ്പായം അഴിച്ചു വെച്ചിട്ടും മനസ്സില്‍ നിന്നും പത്രപ്രവര്‍ത്തകനെ ഇറക്കി വെക്കാത്ത ഷരീഫിന്‍റെ ആലോചന. അഞ്ചില്‍ മൂന്നര കൊടുക്കുന്നതാണ് ഇപ്പോഴത്തെ ഒരു രീതി എന്ന് ഞാന്‍ തട്ടി വിട്ടു. മാര്‍ക്ക് എത്ര കൊടുത്താലും ബില്ലില്‍ കുറവുണ്ടാവില്ലെന്നു നമുക്കറിയാമല്ലോ. ഏതായാലും ബില്ല് വന്നപ്പോള്‍ കണ്ണ് നിറഞ്ഞു പോയി എന്ന ക്ലിഷേ വാചകത്തില്‍ ഈ കുറിപ്പ് എനിക്ക് അവസാനിപ്പിക്കേണ്ടി വരില്ല. കാരണം പണവും പ്രതാപവും വേണ്ട, പുട്ട് മാത്രം മതി എന്ന് പറഞ്ഞ ഷരീഫിന്‍റെ പോക്കറ്റില്‍ നിന്ന് പണം പോകുമ്പോഴും എനിക്ക് പ്രതാപിയെ പോലെ നിന്നാല്‍ മതിയല്ലോ.

No comments: