November 6, 2013

'ഉപയോഗപ്പെടുത്തലു'കളെ കുറിച്ച് ചില ചിന്തകള്‍

January 3, 2013 at 0:00
(ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ചുമ്മാ ഇരുന്ന് കുത്തി കുറിച്ചതായിരുന്നു. ഒന്ന് കൂടെ ഡെവലപ്പ് ചെയ്യണം എന്ന ആഗ്രഹത്തിന് പുറത്തായിരുന്നു. അതിനു ഇത് വരെ സാധിച്ചിട്ടില്ല. പുതിയ പോസ്റ്റുകള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഇതിപ്പോ ഇവിടെ ഇടുന്നു :-P)ഈയിടെ ഒരു അഭുമുഖത്തില്‍ അരുന്ധതി റോയ്‌ പറയുകയുണ്ടായി “എഴുത്തുകാര്‍ അവരുടെ പ്രത്യേക വിഭാഗങ്ങള്‍ക്ക് വേണ്ടിയാണ് എഴുതുന്നത്‌ എന്ന് ഏറ്റവും കൂടുതലറിയുന്നത് വ്യവസ്ഥ ക്കാണ്. അപ്പോള്‍, എന്നെ പോലെ ഒരാളെ എടുത്താല്‍ ഞാന്‍ മാവോ വാദികളോ മുസ്ലിങ്ങളോ ദളിതരോ ആയ വിവിധ വിഭാഗങ്ങളെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കാന്‍ തുടങ്ങും. ആ വിഭാഗങ്ങള്‍ നിങ്ങളെ ഉപയോഗിക്കാന്‍ പ്രാപ്തരാണ് എന്ന് നിങ്ങള്‍ മനസ്സില്‍ വെക്കണം. അഗാധമായ ആഗ്രഹ കുറവുകളാണ് അവര്‍ നിങ്ങളെ ഉപയോഗിക്കുന്നതില്‍ നിന്നും നിങ്ങളെ രക്ഷപ്പെടുത്തുക. അപ്പോള്‍ ചാക്ക് കെട്ടിന്റെ ഭാരമില്ലാതെ നിങ്ങള്‍ക്ക് യാത്ര ആസ്വദിക്കാം. ഞാന്‍ ആളുകളോട് പറയാറുണ്ട്‌, എന്നെ നിങ്ങളുടെ നേതാവാക്കാന്‍ ശ്രമിക്കരുത്, കാരണം, ഞാന്‍ എന്‍റെ തോന്നലുകള്‍ക്കനുസരിച്ചാണ് നീങ്ങുന്നത്...."ഉപയോഗപ്പെടുത്തല്‍ എന്ന വാക്കിനെ കുറിച്ച് ആലോചിച്ചു തുടങ്ങിയിട്ട് കുറച്ചു കാലമായി.  എന്നെ പലരും ഉപയോഗിക്കുകയാണെന്ന് പലരും പല തവണ 'നിഷ്കളങ്കത'യോടെ പല തവണ ഓര്‍മപ്പെടുത്തുന്നു. ഉപയോഗപ്പെടുത്തല്‍ എന്ന വാക്ക് ദൈനം ദിന വ്യവാഹാരത്തില്‍ കൂടുതലായി ഉപയോഗിച്ച് കണ്ടിട്ടുള്ളത് 'സ്ത്രീകളെ (ലൈംഗികാവശ്യത്തിനു) ഉപയോഗിച്ചു' എന്ന context ല്‍ ആണ്. അത് പോലെ മുന്‍ കാമുകീ കാമുകന്മാര്‍ പരസ്പരം ഒരാള്‍ മറ്റൊരാളെ ഉപയോഗിച്ച് എന്ന് കുറ്റപ്പെടുത്താറുണ്ട്. പിന്നെ ഇടക്കൊക്കെ അച്ചു മാമന്‍ കരി വേപ്പില പോലെ ഉപയോഗിച്ചതിന്റെ കാര്യവും പറയും. അല്ലാതെ പിന്നെ കേട്ടിട്ടുള്ളത് ഫണ്ടമെന്റലിസ്റ്റുകള്‍ പലരെയും, വിശിഷ്യാ ബുദ്ധിജീവികളെ പൊതു സമ്മതിക്കു വേണ്ടി ഉപയോഗിക്കുന്നു എന്ന് ഹമീദ് ചേന്ദമങ്ങല്ലൂരിനെ പോലുള്ള ആളുകള്‍ മുറവിളി കൂട്ടുന്നതാണ്. നിങ്ങളെ ആരൊക്കെയോ ഉപയോഗപ്പെടുത്തുകയാണ്, നിങ്ങള്‍ നിഷ്കളങ്കന്‍ ആണ് എന്ന് ഞങ്ങള്ല്ക്/എനിക്ക് അറിയാം എന്ന് ഉപദേശം നല്‍കുന്ന മഹാന്മാര്‍ ആ 'ഉപയോഗടുതപ്പെടുന്നവരുടെ' എജെന്സിയെ കുറിച്ച് ചിന്തിക്കാതിര്‍ക്കാന്‍ പോലും വിഡ്ഢികള്‍ ആണോ?"ഈയിടെ എന്‍റെ ഒരു മുന്‍ അദ്ധ്യാപകന്‍ പറയുകയുണ്ടായി സോളിഡാരിറ്റിയുടെ  വേദിയില്‍ പ്രത്യക്ഷപ്പെടുന്നതിനെ കുറിച്ച് താങ്കളെ അവര്‍ ഉപയോഗപ്പെടുതുകയാണെന്ന് ആരോ അദ്ദേഹത്തിന്‍റെ ഒരു സുഹൃത്തിനോട്‌ പറഞ്ഞത്രേ. ആ സുഹൃത്തിന്റെ മറുപടി ഇതായിരുന്നു. അവര്‍ക്ക് മാത്രമേ ഉപയോഗപ്പെടുത്തല്‍ വശമുള്ലോ എനിക്കെന്താ അവരെ ഉപയോഗിച്ച് കൂടെ എന്ന്. ഇതോടൊപ്പം ഓര്മ വരുന്ന കാര്യം പണ്ട് എന്‍റെ വല്ല്യുപ്പ പറയാറുള്ള ഒരു തമാശയാണ്. ഒരിടത് ഒരു ഭ്രാന്തന്‍ ഉണ്ടായിരുന്നു പോല്‍. ഒരു പാട് കഷ്ടപ്പെട്ട് ജനങ്ങള്‍ അദ്ദേഹത്തെ ചങ്ങലയില്‍ ബന്ധിച്ചു. ഉടന്‍ ഈ ഭ്രാന്തന്‍ പറയുകയാണ്‌ ഇവരെയൊക്കെ ഈ ചങ്ങലക്ക് ചുറ്റും കൊണ്ട് വരാന്‍ ഞാന്‍ എത്ര കഷ്ടപ്പെട്ടെന്നു 

യാത്രയക്കപ്പെടുന്ന ബലിമൃഗങ്ങളുടെ ഏകാന്തത

December 25, 2012 at 22:17


തങ്ങളെ യാത്രയയക്കാന്‍ അല്ലെങ്കില്‍ സ്വീകരിക്കാന്‍ ആരെങ്കിലും റെയില്‍വേ സ്റ്റേഷനിലോ എയര്‍പോര്‍ട്ടിലോ ബസ്‌ സ്റ്റാന്‍ഡിലോ വരുമ്പോഴാണ്‌ ഒരു നഗരം വീട് പോലെ അനുഭവപ്പെടാറുള്ളത് എന്ന് പറയാറുണ്ട്‌. നഗരങ്ങളില്‍ സ്ഥിര താമസമാക്കിയ പലര്‍ക്കും വല്ലപ്പോഴും സന്ദര്‍ശകരായി എത്തുന്നവരെ യാത്രയാക്കാലും സ്വീകരിക്കലും ഒരു സ്ഥിരം ചടങ്ങ് ആകാറുണ്ട്. എന്നാല്‍ നഗരം വിട്ടു പോകുന്നവരെ യാത്രയാക്കലാണ് ഏറ്റവും വേദന നിറഞ്ഞ അനുഭവം എന്ന് സ്ഥിരം യാത്രയയപ്പുകാര്‍ പറയും. റെയില്‍വേ സ്റ്റേഷന് അടുത്ത് താമസിക്കുന്നത് കൊണ്ട് സ്ഥിരമായി യാത്രയപ്പുകാരന്‍ ആകേണ്ടി വരുന്ന ഒരു സുഹൃത്ത്‌ എനിക്കുണ്ട്. നഗരം വിട്ടു പോകുന്നവരെ യാത്രയാക്കി മനസ്സ് മരവിച്ചു പോയി എന്നാണ് ഒരിക്കല്‍ അവന്‍ എന്നോട് പറഞ്ഞിട്ടുള്ളത്. പിന്നീട് ഒരിക്കലും കണ്ടു മുട്ടാന്‍ സാധ്യത ഇല്ല എന്ന് കരുതുന്ന സുഹൃത്തുക്കളെ യാത്രയാക്കുമ്പോള്‍ ഒരു ശവ മഞ്ചം ചുമക്കുന്ന നിര്‍വികാരത പലപ്പോഴും അനുഭവപ്പെടാറുണ്ട്. യാത്രയയപ്പുകാരനില്‍ നിന്നും യാത്രയാക്കപ്പെടുന്ന ആളിലേക്ക് നോക്കിയാല്‍, ഒരു ബലി മൃഗത്തെ ബലിക്കായി കൊണ്ട് പോകുന്ന പോലെയാണ് ആ ആള്‍ എനിക്ക് അനുഭവപ്പെടാറുള്ളത്. യാത്രയക്കുന്നവരും യാത്രയക്കപ്പെടുന്നവരും എത്രയും പെട്ടെന്ന് ഈ ചടങ്ങ് ഒന്ന് അവസാനിച്ചു കിട്ടിയിരുന്നെങ്കിലെന്നു കരുതാറുണ്ട്‌. ട്രെയിനിന്‍റെ അല്ലെങ്കില്‍ ഫ്ലൈറ്റിന്റെ അല്ലെങ്കില്‍ ബസ്സിന്‍റെ പുറപ്പെടല്‍ സമയം ആവാനുള്ള ഒരു കാത്തിരിപ്പ്‌. അത് കഴിഞ്ഞാല്‍ കുഴി മാടത്തില്‍ മൃതദേഹം ഇറക്കി വെച്ച് തിരിച്ചു നടക്കുന്ന ബന്ധു മിത്രാദികളുടെതിനു സമാനമായ ഒരു നിര്‍വികാരതയോടെയുള്ള ഒരു തിരിഞ്ഞു നടത്തം. അതിനുള്ള കാത്തിരിപ്പാണ് ചിലപ്പോഴൊക്കെ യാത്രയപ്പുകള്‍. യാത്രയാക്കുമ്പോള്‍ പല ഓര്‍മ്മകളുടെ കൂടി മരണമാണല്ലോ സംഭവിക്കുന്നത്. ഓര്‍മ്മകള്‍ മരിക്കുമ്പോള്‍ നമ്മളും മരിക്കും എന്ന് പറയുന്നത് സത്യമായിരിക്കാം.എന്നെന്നേക്കുമായി യാത്രയയച്ച ചിലര്‍ തിരിച്ചു വരുമ്പോള്‍ അതൊരു പ്രേതത്തിന്റെ തിരിച്ചു വരവ് പോലെ അനുഭവപ്പെടുമോ? അറിഞ്ഞു കൂടാ. എന്നാല്‍ യാത്രയക്കപ്പെട്ട ആളുടെ ബസ്സോ ട്രെയിനോ ലേറ്റ് ആകുമ്പോള്‍ ബലിക്ക് നിശ്ചയിക്കപ്പെട്ട മൃഗത്തിന് അഞ്ചു അല്‍പ സമയം കൂടെ നീട്ടി കിട്ടുമ്പോള്‍ ഉണ്ടാകുന്ന തരത്തിലുള്ള ഒരു തരം അനുഭവമാണ് ഉണ്ടാവാറുള്ളത്. മരണത്തിനു നിശ്ചയിക്കപ്പെട്ട ഒരാള്‍ക്ക് (ബലി മൃഗമോ ചാവേറോ ആകട്ടെ) അല്‍പ നേരം കൂടെ നീട്ടി കിട്ടുന്നത് അസഹാനീയമാകുമല്ലോ. ഒരിക്കല്‍ ഒരു കൂട്ടുകാരനെ യാത്രയാക്കാന്‍ പോയ അനുഭവം വേറെ ചിലര്‍  പറഞ്ഞിട്ടുണ്ട്. ഇനിയൊരിക്കലും കാണാന്‍ പറ്റിയെന്നു വരില്ല എന്നെല്ലാമുള്ള സങ്കടം പറയലുകള്‍ക്കും കരച്ചിലിനും ശേഷം കൂട്ടുകാര്‍ തിരിഞ്ഞു നടക്കാനും ബസ്‌ മുന്നോട്ട് എടുക്കാനും തുടങ്ങി. എന്നാല്‍ ഏതാണ്ട് ഇരുന്നൂര്‍ മീറ്റര്‍ അകലെ ബസ്സ്‌ അര മണിക്കൂറോളം നിര്‍ത്തിയിട്ടപ്പോള്‍ തനിക്ക് ബലിക്ക് താമസം നേരിടുന്ന ഒരു ബലി മൃഗത്തിന്‍റെ മാനസികാവസ്ഥ ആണ് ഉണ്ടായത് എന്ന് ആ കൂട്ടുകാരന്‍.  ഒരിടത്ത് എന്ന തന്‍റെ കഥയില്‍ ബലിക്കു താമസം നേരിടുമ്പോള്‍ ബലിക്കിരയാവേണ്ട തവളയുടെ മനോവ്യാപാരങ്ങള്‍ വരച്ചിടുന്നുണ്ട് സക്കറിയ. ബലിക്ക് നിശ്ചയിക്കപ്പെട്ടത് കൊണ്ട് തന്നെ ഒരു തിരിച്ചു പോക്ക് സാധ്യമല്ല. എന്നാല്‍ തന്നെ തേടി ഒരു വേട്ടക്കാരനും വരുന്നില്ല. തന്‍റെ ബലിയും കാത്തു നില്‍ക്കുന്ന മറ്റു തവളകളുടെ പിന്നില്‍ നിന്നുള്ള ദൃഷ്ടികളെ കുറിച്ചുള്ള ബോദ്ധ്യം ആ ബലി തവളയെ എകാന്തനാക്കുകയാണ്. ഒരു പക്ഷെ ബലിക്ക് നിശ്ചയിക്കപ്പെട്ട ആളും യാത്രയച്ചിട്ടും യാത്ര പുറപ്പെടാന്‍ വൈകുന്ന ആളും പെനാല്‍റ്റി കിക്ക് കാത്തു നില്‍ക്കുന്ന ഗോളിയും (The Goalie's Anxiety at the Penalty Kick എന്ന നോവലിനോടും ഹിഗ്വിറ്റ എന്ന എന്‍ എസ് മാധവന്‍റെ കഥയോടും കടപ്പാട്) ആയിരിക്കാം ഏറ്റവും എകാന്തന്മാര്‍. 

പുട്ടും പ്രതാപവും

October 5, 2012 at 22:01

ഇഫ്ലു മെസ്സിനെ കുറിച്ച് പറയാറുള്ളത് മെസ്സില്‍ ജോയിന്‍ ചെയ്തില്ലെങ്കില്‍ എവിടുന്ന് ഭക്ഷണം കഴിക്കണം എന്നാലോചിച്ചാല്‍ മതി എന്നാല്‍ മെസ്സില്‍ ചേര്‍ന്നാല്‍ ഭക്ഷണം കഴിക്കണോ എന്ന് തന്നെ ആലോചിക്കേണ്ടി വരും എന്നാണ്. മെസ്സില്‍ നിന്നും അവധിയെടുത്ത് നില്‍ക്കുന്ന ഇന്ന് രാത്രിയില്‍ ഭക്ഷണം എവിടുന്ന് കഴിക്കണം എന്ന് ചോദിക്കാന്‍ സുഹൃത്ത്‌ ഷരീഫിന്‍റെ മുറിയില്‍ പോയപ്പോള്‍ അവന്‍ പണവും പ്രതാപവും നമുക്കെന്തിനാ, പുട്ടുണ്ടല്ലോ പുട്ടിന്‍ പൊടിയുണ്ടല്ലോ" എന്ന പാട്ട് തിരിച്ചും മറിച്ചും കേട്ട് കൊണ്ടിരിക്കുകയാണ്. എവിടുന്നാ പുട്ട് കഴിക്കാന്‍ പറ്റുക എന്നവന്‍ ചോദിച്ചപ്പോള്‍ ഹൈദരാബാദിലെ കേരള ഭക്ഷണശാലകളോടുള്ള മുന്‍ വിധി മാറ്റി വെച്ചു സെക്കന്തെരാബാദിലെ ജെം ഹോട്ടെലില്‍ പോകാമെന്ന് വെച്ചു. ഭക്ഷണത്തിന്‍റെ രാഷ്ട്രീയത്തെ കുറിച്ച് നിരന്തരം സംസാരിക്കുമെങ്കിലും വേണ്ട വിധം ഭക്ഷണം കഴിക്കാത്തതിനാല്‍ ഞാന്‍ മുരിങ്ങാക്കോല്‍ പോലെ ആകുന്നുണ്ടെന്നും ഏതെങ്കിലും 'സവര്‍ണര്‍' സദ്യക്കൊപ്പം വിളമ്പുന്ന സാമ്പാറില്‍ ഇടാന്‍ എന്നെ ഉപയോഗിച്ചേക്കും എന്നൊക്കെ ചില സുഹൃത്തുക്കള്‍ കളിയാക്കാറുണ്ട്. എന്നാല്‍ പിന്നെ കാര്യമായി അല്‍പ്പം എന്തെങ്കിലും തട്ടാം എന്ന് വെച്ചു. 
ആദ്യം തന്നെ ഓരോ പ്ലേറ്റ് പുട്ടും ഒരു ചിക്കന്‍ ഉലര്‍ത്തിയതും ഓര്‍ഡര്‍ ചെയ്തു. അതിനിടക്ക് പുട്ട് പണ്ട് മുതലേ ഒരു കീഴാള ഭക്ഷണമായിരുന്നു എന്നും അതിനാല്‍ തന്നെ കീഴാളന്‍റെ ഭക്ഷണ ശീലത്തെ പരിഹസിക്കാന്‍ പുട്ടിനെ കണ്ടിയപ്പം എന്നാണ് വരേണ്യര്‍ വിളിക്കാരുണ്ടായിരുന്നത് എന്നുമുള്ള കെ ഇ എന്നിന്‍റെ പുസ്തകത്തില്‍ നിന്ന് കിട്ടിയ ജ്ഞാനം വിളമ്പാന്‍ തുടങ്ങിയ എന്നില്‍ നിന്ന് ഷരീഫിനെ രക്ഷിച്ചത്‌ പ്രതീക്ഷിച്ചതിലും നേരത്തെ എത്തിയ പുട്ടും ചിക്കനും ആയിരുന്നു. കൈരളിക്കാര്‍ കേരളീയത്തിനു ചിക്കന്‍ വിളമ്പുന്നതില്‍ പ്രശനം കണ്ടെത്തുകയും എന്നിട്ട് ഇവിടെ വന്നു പോത്തോ പന്നിയോ കഴിക്കാതെ നീ എന്തിനാ ചിക്കന്‍ കഴിക്കുന്നത് എന്ന് അതിനിടെ ഷരീഫ് എന്നെയൊന്നു വാരി. ഏതായാലും നല്ല തേങ്ങയും കൊത്ത മല്ലിയും എല്ലാം ഇട്ട ചിക്കന്‍ ഉലര്‍ത്തിയത് രണ്ടു പേര്‍ക്കും നന്നായി പിടിച്ചു. പുട്ട് കഴിച്ചു തീര്‍ന്നിട്ടും ചിക്കന്‍ ഉലര്‍ത്തിയത് തീരാതിരുന്നപ്പോ ഓരോ പ്ലേറ്റ് ഇടിയപ്പം കൂടി ഓര്‍ഡര്‍ ചെയ്യേണ്ടി വന്നു. ഇടിയപ്പത്തിനു തന്‍റെ നാട്ടില്‍ നൂല്‍പ്പുട്ട് എന്നാണ് പറയുക എന്നും അതിനാല്‍ നമ്മള്‍ കഴിക്കുന്നത് പുട്ട് തന്നെയാണെന്നും സിദ്ധാന്തം ചമച്ചു ഷരീഫ്. കോഴിയുടെ എരിവു വല്ലാതെ അങ്ങ് ആയപ്പോള്‍ പണ്ടത്തെ സാമ്രാജ്യത്വ വിരോധം ഒക്കെ മറന്നു കോളയില്‍ അഭയം തേടേണ്ടി വന്നു രണ്ടിനും. ഏതായാലും എല്ലാം നന്നായി ആസ്വദിച്ചു ഭക്ഷണത്തിനു പ്രൊഫഷണല്‍ റിവ്യൂക്കാര്‍ നല്‍കുന്ന പോലെ എത്ര മാര്‍ക്ക് നല്‍കാം എന്നായി പത്രപ്രവര്‍ത്തകന്റെ കുപ്പായം അഴിച്ചു വെച്ചിട്ടും മനസ്സില്‍ നിന്നും പത്രപ്രവര്‍ത്തകനെ ഇറക്കി വെക്കാത്ത ഷരീഫിന്‍റെ ആലോചന. അഞ്ചില്‍ മൂന്നര കൊടുക്കുന്നതാണ് ഇപ്പോഴത്തെ ഒരു രീതി എന്ന് ഞാന്‍ തട്ടി വിട്ടു. മാര്‍ക്ക് എത്ര കൊടുത്താലും ബില്ലില്‍ കുറവുണ്ടാവില്ലെന്നു നമുക്കറിയാമല്ലോ. ഏതായാലും ബില്ല് വന്നപ്പോള്‍ കണ്ണ് നിറഞ്ഞു പോയി എന്ന ക്ലിഷേ വാചകത്തില്‍ ഈ കുറിപ്പ് എനിക്ക് അവസാനിപ്പിക്കേണ്ടി വരില്ല. കാരണം പണവും പ്രതാപവും വേണ്ട, പുട്ട് മാത്രം മതി എന്ന് പറഞ്ഞ ഷരീഫിന്‍റെ പോക്കറ്റില്‍ നിന്ന് പണം പോകുമ്പോഴും എനിക്ക് പ്രതാപിയെ പോലെ നിന്നാല്‍ മതിയല്ലോ.

ടാഗ് ലൈന്‍

ഒരു പരസ്യ ഏജന്‍സിയിലെ  കോപ്പി റൈറ്റര്‍ ആയിട്ട് പോലും പ്രണയാഭ്യര്‍ത്ഥനക്ക് വാക്കുകള്‍ തിരഞ്ഞെടുക്കാനാകാതെ  അവന്‍ വിഷമിച്ചു.