July 29, 2012

വെട്ടും തിരുത്തും

(എന്‍റെ  സുഹൃത്ത്‌  ഇന്ദു മെയ്‌ 26 നു എഴുതിയ കവിത അവളുടെ സമ്മതത്തോടെ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു)

അയാളിരുട്ടിനെ ഭയന്നിരിക്കില്ല.
ഇരുളില്ഭൂതങ്ങളിറങ്ങാറുമില്ല
ഒരു മൃഗങ്ങളുമുരഗങ്ങളും വൃഥാ
ഉയിരെടുക്കുവാന്ഒരുമ്പെടാറില്ല.

ഭയക്കണമെന്നാലിരുട്ടിന്പിന്പറ്റി
മനുഷ്യരില്വീണു മുളയ്ക്കും പിശാചിനെ
വഴി പിരിഞ്ഞവന്നിടവഴികളില്
കെണിയൊരുക്കുന്ന കടും വികാരത്തെ.

അയാളറിഞ്ഞിരിക്കാതിരിക്കില്ല
അടുത്ത് മണ്ടുന്ന ദുരന്ത ദുര്വിധി.
ഒരൊറ്റുകാരനായണഞ്ഞ ചങ്ങാതിയെ,
അറച്ചു നില്കാത്ത കൊലക്കരങ്ങളെ,
ഒരേ ചരടിനാലിരകളായ്  വിധി
ഇവരെത്തന്നോട് ബന്ധിച്ച നാട്യത്തെ.

തരിച്ചു പോയൊരെന്മനസ്സിളിന്നയാ
കടുത്ത നോവായുണര്ന്നിരിക്കുന്നു.
നരക രാത്രിയില്കൊടുവാള്‍  വായ്ത്തല
പലവുരു തന്റെ ഉടല്മുറിച്ചപ്പോള്‍,
തൊലി മുറിഞ്ഞന്നു നിണം തെറിച്ചപ്പോള്‍ ,
ഉയിര് പോംവരെ നിലവിളിച്ചയാ
കൊടിയ നോവിനാല്‍  പിടഞ്ഞിട്ടുണ്ടാകാം.
അമൂര്ത്ത ചിന്തകള്ക്കപ്പുറത്തൊരു
വെറും മനുഷ്യനായ് മരിച്ചിട്ടുണ്ടാകാം.

വെറുതെയോര്ക്കുന്നു അറിയുവാനാഞ്ഞോ-
രനേകം  കൈകളിലൊരെണ്ണം പോലും
കൊടിയ ക്രിത്യത്തിനിടയിലൊരു വേള
ഞൊടിയിട പോലുമറച്ചു നിന്നില്ലേ?

യുക്തികല്ക്കപ്പുറം വ്യക്തമാകുന്നിതാ
വേദനയ്ക്കുള്ളൊരു ഭൌതിക മണ്ഡലം
ആശയങ്ങളുദിച്ചസ്തമിക്കിലും
ആര്ദ്രത വറ്റാതിരിക്കട്ടെ ഭൂതലം.

ഇതാ വിയോജിപ്പിന്വിശുദ്ധമാം തൂലിക.
വിവരക്കേടുരചെങ്കില്വെട്ടി വിട്ടേക്കുക
തെറ്റുണ്ടെങ്കിലെല്ലാം തിരുത്തുക.

May 1, 2012

ഉട്ടോപ്യയിലെ ഖാപ്‌ പഞ്ചായത്തുകള്‍

അന്യന്‍റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കാനാകുന്ന ഒരു കാലത്തിനു വേണ്ടിയാണ് അവനും ആത്മാര്‍ത്ഥമായി ആഗ്രഹിച്ചത്‌. മതമില്ലാത്ത ജീവന്‍ നിലനില്‍ക്കുന്ന, വ്യത്യസ്ത മതങ്ങളില്‍ ജനിച്ചു പോയ മജ്നുവും സാറാമ്മയും (ലൈല മാത്രമല്ല) ഒരുമിച്ചു ജീവിക്കുന്ന ഒരു സുന്ദരകാലത്തെ സ്വപ്നം കണ്ട അവന്‌ പക്ഷെ, തന്റെ കൂട്ടുകാരിയോടുള്ള സൌഹ്രദം അതിന്റെ പരിധി വിട്ടു പ്രണയത്തിലേക്ക്‌ അടുക്കുന്നത് ഒരു തരം ഉള്‍ഭയത്തോടെയാണ് അവന്‍ മനസിലാക്കിയത്‌. വ്യത്യസ്ഥ മത വിഭാഗത്തില്‍ പെട്ടവര്‍ പ്രണയിക്കുന്നതിനെ ലവ് ജിഹാദ്‌ എന്ന് വിളിക്കുന്നവരുടെ ഇടയിലല്ല, മറിച്ച് തന്നെ പോലെ തന്നെ ഭൂമിയിലെ സ്വര്‍ഗം സ്വപ്നം കാണുന്ന, ജാവേദ്‌ അലത്തിനും കെ ഇ എന്നിനുമെല്ലാം വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ടവരെ വിവാഹം കഴിക്കാന്‍ വര്‍ഗാധിപത്യം സ്വപ്നം കാണുന്ന അവരുടെ പാര്‍ട്ടി പിന്തുണ കൊടുത്തതിനെ കുറിച്ച് ഊറ്റം കൊള്ളുന്നവരുടെ, ഇടയിലാണല്ലോ താനിപ്പോള്‍ ഉള്ളത് എന്നതാണ് അവന്‌ അല്‍പമെങ്കിലും ആശ്വാസമേകിയത്.
മജ്നുവിന്‍റെയും സാറാമ്മയുടെയും ഹൃദയങ്ങള്‍ ഒന്നാണെങ്കില്‍ അവര്‍ പ്രണയബദ്ധരാകുക തന്നെ ചെയ്യുമെന്നും അതില്‍ ഭൂഗുരുതത്വിനു യാതൊരു പങ്കുമില്ലെന്നും ന്യൂട്ടന്റെ ഭൂഗുരുത്വ നിയമത്തില്‍ ഡിസ്ക്ലൈമര്‍ എഴുതി ചേര്‍ക്കാന്‍ പില്‍ക്കാല ഭൌതിക ശാസ്ത്രന്ജരെ നിര്‍ബന്ധിതരാക്കി കൊണ്ട് അവര്‍ രണ്ടു പേരും പ്രണയബദ്ധരാകുക തന്നെ ചെയ്തു. കൈകള്‍ കോര്‍ത്ത്‌ പിടിച്ചു കൊണ്ട് ലൈബ്രറിയിലേക്ക് നടന്നടുക്കുമ്പോയാണ് ഉട്ടോപ്യയുടെ ശില്പികളിലൊരാളായി സ്വയം അവരോധിച്ച ഒരു വിപ്ലവകാരി തന്റെ പുണൂലില്‍ മൈക്ക്‌ തൂക്കിയിട്ട് വര്‍ഗബോധമില്ലാത്ത, കേവലം ജാതി ബോധവും ഗോത്രബോധവും മാത്രമുള്ള ഹരിയാനയിലെയും രാജസ്ഥാനിലെയുമൊക്കെ രക്ഷിതാക്കള്‍ നടത്തുന്ന ദുരഭിമാന കൊലകളെ കുറിച്ച് ലൈബ്രറി ലോണില്‍ ഇരുന്നു മറ്റു ഉട്ടോപ്യന്‍ ശില്പികളെ ബോധവല്‍ക്കരിക്കുന്നത് കേട്ടത്. വിശാലമനസ്കാരുടെ വംശം കുറ്റിയറ്റിട്ടില്ല എന്നുള്ള ആത്മവിശ്വാസത്തില്‍ അവന്‍ ലൈബ്രറിയില്‍ കയറി വായന തുടങ്ങി. അതെ സമയത്താണ് ഉട്ടോപ്യയുടെ പ്രധാന ശില്‍പി സാറാമ്മയെ തേടി വന്നത്. ലൈബ്രറിയുടെ ഒരു കോണിലേക്ക് സാറാമ്മയെ വിളിച്ചു വരുത്തി ഉട്ടോപ്യന്‍ ശില്‍പി തന്റെ പ്രസംഗം ആരംഭിച്ചു. “മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പണ്ട് മാര്‍ക്സ്‌ പറഞ്ഞിട്ടുണ്ട്. ചിലര്‍ക്ക്‌ മതം
ഭ്രാന്താണെന്ന് ഗാന്ധിയും പറഞ്ഞിട്ടുണ്ട്‌. തന്‍റെ മജ്നുവിന്‍റെ മനസ്സ് നിറയും മതമെന്ന കറുപ്പാണ്.അത് കൊണ്ട് സൂക്ഷിക്കണം.”
അവന്‍റെ മനസ്സില്‍ മതത്തിന്‍റെ കറുപ്പാണെങ്കില്‍ താങ്കളുടെ കഴുത്തിലെ പുണൂലിലും, നെറ്റിയിലെ കുറിയിലും വര്‍ഷത്തില്‍ ഏതാനും ദിവസം ഉടുക്കാറുള്ള കറുത്ത തുണിയിലും ഉള്ളത് മതമല്ലാതെ പിന്നെ മതേത്വരതം ആണോ എന്ന് സാറാമ്മ ചോദിക്കാനാഞ്ഞപ്പോഴേക്കും ഉട്ടോപ്യന്‍ ശില്പിക്ക് സന്ധ്യാവന്ദനത്തിനു പോകാന്‍ സമയമായിരുന്നു.

April 11, 2012

ഒരു ബുദ്ധിജീവിയുടെ ജനനം


(Disclaimer: ഈ കഥ എഴുതിയത് ഞാനാണെങ്കിലും ഇതിന്‍റെ ഉള്ളടക്കത്തിന് മേല്‍ എനിക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല.)

പഞ്ചായത്ത് മുഖേന സൌജന്യ കാലിത്തീറ്റ വിതരണം ചെയ്യുന്നതിന് മുന്‍പ്‌ അമ്മിണി ചേച്ചിയുടെ പശു എങ്ങനെയായിരുന്നോ അത് പോലെ മെലിഞൊട്ടി നിന്നിരുന്ന അവന്‍ പാര്‍ട്ടിയെ നയിക്കാന്‍ സൈദ്ധാന്തിക അടിത്തറയുള്ള യുവാക്കള്‍ വേണമെന്നുള്ള നാട്ടിലെ സഖാക്കാളുടെ നിര്‍ബന്ധത്തിന്‌ വഴങ്ങിയാണ് സഖാവ് കമലേഷ് സ്മാരക വായനശാലയില്‍ ടിവിയും കണ്ടു മനോരമയും വായിച്ചു നേരം കളയുന്നത് മതിയാക്കി കോളേജില്‍ ചേരാമെന്ന് വെച്ചത്. പ്ലസ്‌ടുവിന് വര്‍ഗ വിരോധികളായ മറ്റുള്ളവര്‍ക്ക് മാര്‍ക്കിന്റെ കാര്യത്തില്‍ സര്‍പ്ലസ്‌ ഉണ്ടായിരുന്നത് കൊണ്ട് തന്നെ മാര്‍ക്സ് മാത്രം കൂട്ടുള്ള അവന് ഒരു സീറ്റ്‌ കിട്ടല്‍ അവനു അത്ര എളുപ്പമായിരുന്നില്ല. എയ്ഡഡ് കോളെജുകള്‍ മുഴുവന്‍ സമുദായ പാര്‍ട്ടിയുടെ നിയന്ത്രണത്തിലായതിനാല്‍ ഒരു സൈധാന്തികന്റെ ജനനത്തിനു വേണ്ടി അവരുടെ നേതാവിന്‍റെ കാലു പിടിക്കുക എന്ന ചെറിയൊരു പ്രത്യയശാസ്ത്രവിട്ടുവീഴ്ചയൊക്കെ നടത്തുന്നതില്‍ തെറ്റില്ല എന്ന നിഗമനത്തില്‍ അവനെത്തി. (അച്യുതാനന്ദന്‍ ബാധ പിടിപ്പെട്ട ഏതെങ്കിലും സഖാവ് ചോദിച്ചാല്‍ ‘അടവ് നയം’ ആണെന്ന് പറഞ്ഞാല്‍ മതിയെന്ന് ലോക്കല്‍ കമ്മിറ്റി സെക്രെട്ടറി ഉപദേശവും നല്‍കി). അങ്ങനെ ഒടുവില്‍ അഡ്മിഷനൊക്കെ തരപ്പെടുത്തി കോളേജില്‍ പോയി തുടങ്ങിയപ്പോഴാണ് തന്റെ മുഖത്തെ താടിയെല്ല് കാണുമ്പോള്‍ വര്‍ഗസമര വിരോധികളും സ്വത്വവാദികളും ആണെങ്കിലും മനസിനുള്ളില്‍ ഒരു എ കെ ജി ഭവന്‍ പണിയാന്‍ കെല്‍പ്പുള്ള തരുണീമണികള്‍ക്ക് ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം എന്ന കീഴാള വിരുദ്ധ പഴഞ്ചൊല്ല്‌ അസ്ഥാനത്ത്‌ ഓര്മ വരുമോ എന്നൊരു സൈദ്ധാന്തിക ശങ്ക അവനെ പിടികൂടിയത്. ഒരു സുഹ്ര്തിന്റെ ഉപദേശം സ്വീകരിച്ചു ഒരാഴ്ച ബ്ലേഡ് മുഖത്തോടടുപ്പികാതിരുന്നപ്പോള്‍ പറശിനിക്കടവിലെ പാര്‍ട്ടി സ്പോണ്‍സേര്‍ഡ് കണ്ടല്‍ പാര്‍ക്ക്‌ വരുന്നതിനു മുന്‍പുള്ള കണ്ടല്‍ കാട് പോലെയായി അവന്റെ മുഖം. ആഗതമായിരിക്കുന്ന വര്‍ഗ വിപ്ലവത്തിന് തൊട്ടു മുന്‍പുള്ള വലിയൊരു സൈദ്ധാന്തിക പ്രശ്നം അങ്ങനെ പരിഹരിച്ച നിര്‍വൃതിയില്‍ ഇരിക്കുമ്പോഴാണ് അടുത്ത പ്രതിസന്ധി തല പൊക്കുന്നത്.
ഗ്രാമങ്ങള്‍ നഗരങ്ങളെ വളയുമെന്ന മാവോയുടെ വാക്കുകളെ ചില ഘടനാവാദാനന്തര സാഹിത്യനിരൂപകരെ പോലെ വ്യാഖ്യാനിച്ചപ്പോള്‍ മനസിലായതനുസരിച്ച് അവന്‍ സാദ്ധ്യമാക്കാന്‍ ഉദ്ദേശിച്ചത്‌ പട്ടണങ്ങളില്‍ നിന്നും പഠിക്കാന്‍ വരുന്ന പെണ്‍പിള്ളേരെ വളച്ചെടുത്ത് കൊണ്ടാണ്. ഇത് വരെ സ്ഥിരവേഷമായിരുന്ന മുണ്ടിന് പരിഷ്കാരം പോരാ എന്നും കട്ടന്‍ ചായയും പരിപ്പ് വടയും മാത്രം മാറ്റിയാല്‍ പോരാ എല്ലാവരും ദേശീയ സെക്രെട്ടറിയെ പോലെ പാന്റ്സ് ധരിക്കണമെന്ന് അടുത്ത ലോക്കല്‍ കമ്മിറ്റിയില്‍ പ്രമേയം പാസാക്കണമെന്നും അവനു തോന്നി തുടങ്ങി. അങ്ങനെ തന്‍റെ വേഷം ജീന്‍സിലെക്ക് മാറ്റി അവന്‍. പക്ഷെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കൃത്യ സമയത്ത് ഷട്ടര്‍ ഇടാന്‍ തമിഴ്നാട് ഉദ്യോഗസ്ഥര്‍ മറക്കുന്നത് പോലെ മൂത്രമൊഴിച്ച ശേഷം പാന്റ്സിന്റെ സിപ്‌ ഇടാന്‍ അവന്‍ മറക്കുന്നതും അത് കണ്ടു പലരും ചിരിക്കുന്നതും നിത്യ സംഭവമായി. നാട്ടിലെ പാര്‍ട്ടി വായനശാലയില്‍ മഴക്കാലത്ത് ടാര്‍ പായയുടെ തുളയിലൂടെ വെള്ളം വരുന്നത് തടയാന്‍ തുളകള്‍ മറക്കുന്ന വിധത്തില്‍ തൊട്ടു മുന്‍പ് നടന്ന പാര്‍ട്ടി സമ്മേളനത്തിനുപയോഗിച്ച ഫ്ലെക്സ്‌ ബോര്‍ഡുകള്‍ കൊണ്ട് മറക്കുന്നത് പോലെ സിപ്പിന്റെ ഭാഗം മറയുന്ന വിധത്തില്‍ ഒരു ജുബ്ബ ധരിച്ചാല്‍ തന്റെ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് അവന്‍ കണ്ടെത്തി. അങ്ങനെ ജുബ്ബയായി അവന്റെ സ്ഥിരം വേഷം. കുറച്ചു കാലം പ്രശ്നങ്ങളൊന്നുമില്ലാതെ അങ്ങനെ കഴിഞ്ഞു പോയി.
നാട്ടില്‍ പണ്ട് വല്ല്യുപ്പയുടെ ജുബ്ബാ പോക്കറ്റില്‍ നിന്ന് ബീഡി കട്ടെടുത്തു വലിച്ചിരുന്ന ശീലം മാത്രം അവന് മാറ്റാന്‍ കഴിയാത്തത് സുന്ദരികളെ വളയ്ക്കുക എന്നുള്ളത് പരാജയപ്പെട്ട ഒരു വിപ്ലവമായി മാറി. ബീഡി വലി ശീലം മാറ്റാതിരുന്നത് ചരിത്രപരമായ ഒരു വിഡ്ഢിത്തമായി എന്ന് അവന്‍ തോന്നിയെങ്കിലും അന്ന് മുതല്‍ അവന് പുതിയൊരു സ്വതം വീണു കിട്ടി-ബുദ്ധിജീവി. ക്ലാസ്സില്‍ അവന്‍ നോട്ടമിട്ടിരുന്ന ഉണ്ടക്കണ്ണി അവനെ ബുദ്ധിജീവി എന്ന് വിളിച്ച ആ സമയത്ത് തന്നെ അവനെ കോളേജില്‍ പഠിക്കാന്‍ നിര്‍ബന്ധിച്ചയച്ച ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, ഉത്തരാധുനികരില്‍  നിന്ന് ഗ്രാംഷിയെ മോചിപ്പിക്കാനും തിരിച്ചു പിടിക്കാനും വേണ്ടി പാര്‍ട്ടി നടത്തിയ ഒരു പഠന ക്ലാസ്സില്‍ ഗ്രാംഷിയുടെ The Formation of the Intellectuals എന്ന ലേഖനത്തിന്‍റെ നോട്ട്സ് കുറിച്ചെടുക്കുകയായിരുന്നു.

March 19, 2012

രണ്ടു കഥവിതകള്‍


     വിമത'ബുദ്ധി'

ഇന്നലെ നിന്നോട് തോന്നിയ പ്രണയം വെറും വിഡ്ഢിത്തമായിരുന്നെന്ന യാഥാര്‍ത്ഥ്യമുള്‍ക്കൊള്ളാനെന്‍ അഹന്ത തടസമാണെന്നതിനാല്‍ ഇന്നും നിന്നോട്‌ പ്രണയം നടിക്കുന്നു ഞാന്‍, നീ സ്വയം ഒഴിഞ്ഞു പോകുന്നതും കാത്ത്. വിമതരാവുന്നതല്ല അപരരെ വിമതരാക്കുന്നതാണ് ബുദ്ധിയെന്നല്ലേ?

സാഹചര്യ തെളിവ്‌

കുറെ കാലത്തിനു ശേഷം കണ്ടു മുട്ടിയ സുഹൃത്ത്‌ തൊട്ടടുത്ത ധാബയിലെക്ക് ഉച്ച ഭക്ഷണത്തിന് വിളിച്ചു. ആ ധാബയിലെ roasted lamb നല്ല രുചിയാണെന്ന് പറഞ്ഞു അതിനു ഓര്‍ഡര്‍ ചെയ്ത ശേഷം സുഹൃത്ത്‌ കൂട്ടിച്ചേര്‍ത്തു, അവിടെ വിളമ്പുന്നത് ആട് അല്ല മറിച്ചു അതിലെ അലഞ്ഞു നടക്കുന്ന പട്ടികളുടെ മാംസമാണ് എന്ന് ഊഹാപോഹങ്ങള്‍ ഉണ്ടെന്ന്. കൌശലക്കാരന് ആടിനെ പട്ടിയാക്കമെങ്കില്‍ കുശിനിക്കാരനു പട്ടിയെ ആടുമാക്കാം എന്ന് പണ്ടൊരു സുഹൃത്ത്‌ പറഞ്ഞത് ഉള്ളില്‍ തികട്ടി വന്നെങ്കിലും എന്തും വരട്ടെ എന്ന് വെച്ചു. ഭക്ഷണത്തിനായുള്ള കാത്തിരിപ്പിനിടയില്‍ അക്ഷമനായി അടുക്കളയിലേക്കൊന്നു കണ്ണ് പായിപ്പിച്ചപ്പോള്‍ ഉറപ്പായി പട്ടിയല്ല ആട് തന്നെയാണ് വിളമ്പുന്നതെന്ന്. കുശിനിക്കാരന്റെ താടിയും ആടിന്‍റെ താടിയും ഒരു പോലെ തന്നെ!!

January 15, 2012

എന്‍ എസ് മാധവന്‍ ആരാധനക്കും എം ടി അന്‍സാരി ലൈന്‍ ചിന്താധാരക്കുമിടയില്‍ എന്‍റെ വായനാനുഭവംഎന്‍ എസ് മാധവന്‍ എനിക്കേറ്റവും പ്രിയപ്പെട്ട മലയാള ചെറുകഥാകൃത്താണ്. വായിക്കാന്‍ തുടങ്ങിയ കാലം തൊട്ട്, മാധവന്റെ കഥകളോരോന്നും വല്ലാത്ത വായനാനുഭൂതിയാണ് സമ്മാനിച്ചിട്ടുള്ളത്. ടി പദ്മനാഭനെ വേണമെങ്കില്‍ ചെറുകഥയുടെ കുലപതി എന്ന് വിളിച്ചോളൂ. പക്ഷെ,ആരെയെങ്കിലും കുലപതി എന്ന് വിളിക്കണം എന്ന് എപ്പോഴെങ്കിലും തോന്നിയാല്‍ മാധവനെയേ ഞാന്‍ അങ്ങനെ വിളിക്കുകയുള്ളൂ. കേവലം നാല്‍പതിനടുത്തു കഥകള്‍ മാത്രമേ ഇത് വരെ എഴുതിയിട്ടുള്ളൂ എങ്കിലും അപാരമായ കഥ പറച്ചില്‍ ശൈലി കൊണ്ടും ശ്രദ്ധയോടെ ചെത്തി മിനുക്കിയെടുത്ത വാക്കുകള്‍ കൊണ്ടും എന്റെ മനസ്സില്‍ ചെറുകഥ എന്നതിന്റെ പര്യായമായി മാറിയത് മാധവന്‍ മാത്രമാണ്. പട്ടിയോ പൂച്ചയോ പ്രസവിക്കുന്നത് പോലെ ഇടയ്ക്കിടെ കഥകള്‍ എഴുതുന്നതിലും നല്ലത് ആനപ്പേര്‍ പോലെ വല്ലപ്പോഴുമൊരിക്കല്‍ നല്ല ചില കഥകള്‍ എഴുതുന്നതാണല്ലോ.
ഇന്ദിരാഗാന്ധി എന്ന ‘വന്മരം’ വീണപ്പോള്‍ ആ വീഴ്ചയുടെ ആഘാതത്തില്‍ ഉണ്ടായ ‘ചെറിയ’ ഭൂമികുലുക്കത്തില്‍ ജീവന്‍ നഷ്ടപെട്ടവരുടെയും ജീവന് വേണ്ടി യാചിക്കേണ്ടി വന്നവരുടെയും വ്യഥ, രാജീവ് ഗാന്ധിയുടെ ‘ഒരു വന്മരം വീഴുമ്പോള്‍ ചുറ്റുമുള്ള ഭൂമി അല്‍പം കുലുങ്ങുന്നത് സ്വാഭാവികമാണെ’ന്നുള്ള പരാമര്‍ശത്തെ ആധാരമാക്കി വന്മരങ്ങള്‍ വീഴുമ്പോള്‍ എന്ന കഥയിലൂടെ മാധവനും പില്‍ക്കാലത്ത് ഗുജറാത്ത് കലാപ പശ്ചാത്തലത്തില്‍ അതിന്റെ ദൃശ്യാവിഷ്കാരത്തിലൂടെ ശശി കുമാറും കാണിച്ചു തന്നപ്പോള്‍ ഉള്ളില്‍ തറക്കുന്ന ഒരനുഭവമാണ് അതുണ്ടാക്കിയത്. വായനക്കാരന്റെ ഹൃദയത്തോട് സംവദിക്കാന്‍ കഴിയുമ്പോഴാണ് ഒരെഴുത്തുകാരന്‍ മികച്ച അല്ലെങ്കില്‍ പ്രിയപ്പെട്ട എഴുത്തുകാരന്‍ആവുന്നതെങ്കില്‍ ഈ ഒരൊറ്റ കഥ മാത്രം മതി എനിക്ക് മാധവനെ ഒരു മികച്ച എഴുത്തുകാരനായി കണക്കാക്കാന്‍.
ലിംഗാഗ്രചര്‍മ്മത്തിന്‍റെ അഭാവം എങ്ങനെ കലാപ സമയങ്ങളില്‍ ഒരു മുസ്ലിിമിന്റെ identity marker ആവുന്നു എന്നത് പോലെ തന്നെയാണ് ജഗ്ഗി എന്ന സിഖ് ബാലന് തന്റെ മതവിശ്വാസത്തിന്റെ ഭാഗമായ തലപ്പാവും നീട്ടി വളര്‍ത്തിയ മുടിയും വിനയാവുന്നത്. (കഥ വായിച്ചതും സിനിമ കണ്ടതും ഏതാണ്ട് ഒരേ സമയത്ത് ആയത് കൊണ്ട് overlapping ഉണ്ടാവാന്‍ സാധ്യത ഉണ്ട്). മുടി മുറിക്കുമ്പോള്‍ ആ ബാലനുണ്ടാവുന്ന സങ്കടം മനസിലാക്കാന്‍ ഒരു ന്യൂനപക്ഷത്തിന്റെ ഭാഗമായ ആള്‍ തന്നെ ആവണമെന്നില്ല.
ഡല്‍ഹിക്ക് ഇന്ത്യാ ഗേറ്റ് പോലെയും, കൊല്‍ക്കത്തക്ക് ഹൌെറ പാലം പോലെയും മുംബൈക്ക് ഗേറ്റ്വേ ഓഫ് ഇന്ത്യ പോലെയും, ചിഹ്നമില്ലതിരുന്ന അഹമ്മദാബാദിന്റെ ചിഹ്നമായി മാറിയ കുത്ബുദ്ദീന്‍ അന്‍സാരിയുടെ, ജീവന് വേണ്ടി കൂപ്പുകൈകളോടെ യാചിക്കുന്ന ദയനീയ ചിത്രം മാധവന്‍ തന്റെ വാക്കുകളിലൂടെ വരച്ചു കാട്ടിയപ്പോള്‍ ചോര അല്‍പം തിളച്ചോ എന്ന് പോലും സംശയം തോന്നി. ബാബരി മസ്ജിദ് പൊളിച്ചതിനെ കുറിച്ചുള്ള വാര്‍ത്തയില്‍ തന്റെ വ്യക്തിപരമായ അഭിപ്രായത്തിനപ്പുറം ഒരു മതേതര സ്വത്വം എടുത്തണിഞ്ഞു, അല്ലെങ്കില്‍ രാജാവിനെക്കാള്‍ അധികം രാജഭക്തി കാണിക്കാന്‍ നിര്‍ബന്ധിതയാക്കപ്പെട്ട് തര്‍ക്ക മന്ദിരം എന്നെഴുതേണ്ടി വരുന്ന സുഹ്റയുടെ സ്വതപ്രതിസന്ധിയും അത് ‘തിരുത്താന്‍’ ചുല്യാറ്റ് കാണിച്ച ധീരതയും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരോട് മാധവനിലെ എഴുത്തുകാരന്‍ കാണിക്കുന്ന ഹൃദയവായ്പായാണ് ഞാന്‍ മനസിലാക്കിയത്.
ഇത്രയൊക്കെ ന്യൂനപക്ഷ അപര സ്വതങ്ങളെ കുറിച്ച്, ന്യൂനപക്ഷ വ്യവഹാര പഠനങ്ങളില്‍ suggested reading list ല്‍ ഇടം നേടാവുന്ന കഥകള്‍ എഴുതിയിട്ടുള്ള, ( ഓര്‍ക്കുക, Image and Representation : Stories of Muslim Lives in India എന്ന പേരില്‍ മുഷിറുള്‍ ഹസനും എം അസദുദ്ദീനും കൂടി ഇന്ത്യന്‍ മുസ്ലിം ജീവിതത്തെ കുറിച്ചുള്ള കഥകളുടെ സമാഹാരം Oxford University Pressനു വേണ്ടി എഡിറ്റ് ചെയ്തപ്പോള്‍ ഇസ്മത്ത് ചുഗ്ത്തയി, ബഷീര്‍ മുതലായ എഴുത്തുകാരുടെ കഥകള്‍ക്കൊപ്പം സ്ഥാനം പിടിച്ച കഥയാണ് മാധവന്‍റെ മുംബയ്) മാധവന്‍ എന്ത് കൊണ്ട് ന്യൂനപക്ഷ, കീഴാളപഠനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള നിരൂപകരുമായി ഹിഗ്വിറ്റ എന്ന കഥയുമായി ബന്ധപ്പെട്ട് കൊമ്പ് കോര്‍ക്കേണ്ടി വന്നു എന്നത് ആരെയും അത്ഭുതപ്പെടുത്തിയേക്കാം. ഹിഗ്വിറ്റയിലെ ജബ്ബാര്‍ എന്ന മുസ്ലിം കഥാപാത്രത്തിന്റെ നിര്‍മിതിയുമായി ബന്ധപ്പെട്ട് പച്ചക്കുതിരയിലെ ലേഖനത്തിലൂടെയും അതിനു മുന്‍പ് (എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍) ബറോഡയിലെ എം എസ് യൂണിവേഴ്സിറ്റിയില്‍ 2003 ല്‍ നടന്ന ഒരു സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധത്തിലൂടെയും ( എം ടി അന്‍സാരിയും ദീപ്ത അച്ചാറും ചേര്‍ന്ന് എഡിറ്റ് ചെയ്തു സാഹിത്യ അക്കാദമി പുറത്തിറക്കിയ ? Democracy, Discourse and Difference എന്ന പുസ്തകത്തില്‍ ഈ പ്രബന്ധം കാണാം) ആദ്യമായി വിമര്‍ശനം ഉയര്‍ത്തിയ എം.ടി അന്‍സാരി എന്ന എന്റെ അധ്യാപകനോട്, മാധവനോടുള്ളതില്‍ അധികമൊന്നും കുറവില്ലാത്ത ഒരു പ്രിയം, വേറൊരു തരത്തിലും തലത്തിലും ഉള്ളതാണെങ്കിലും, എനിക്കുണ്ട്.തീക്ഷ്ണമായ വാക്കുകള്‍ കൊണ്ട് ഹൃദയത്തില്‍ തറച്ച വേറൊരു കഥയാണ് ‘മുംബയ്’. ആ സമയത്ത് ജനിച്ചിട്ടില്ലാത്തതിനാല്‍ 1971ലെ ഇന്‍ഡോ-പാക് യുദ്ധത്തിനു മുന്‍പ് ഇന്ത്യയില്‍ ഉണ്ട് എന്ന് തെളിയിക്കാന്‍ പറ്റാത്തതിനാലും മലപ്പുറം ജില്ലയിലെ പാങ്ങ് എന്ന ജന്മസ്ഥലം ഇന്ത്യ എന്നാ മഹാരാജ്യത്തിന്റെ ഭൂപടത്തില്‍ കാണാത്തതിനാലും റേഷന്‍കാര്‍ഡ് കിട്ടാന്‍ നൂറു തവണ വെറുതെ ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരുന്ന അസീസിന്റെ അനുഭവം മതന്യൂനപക്ഷങ്ങള്‍ക്കും മറ്റു മര്‍ദ്ദിത സമൂഹങ്ങള്‍ക്കും പതിവ് അനുഭവം ആയ കാലത്ത് ഇങ്ങനെയൊരു കഥ എഴുതിയ മാധവന്റെ കഥയുടെ രാഷ്ട്രീയത്തോട് ബഹുമാനം തോന്നിയിരുന്നു. ഐഡന്റിറ്റിറ്റി തെളിയിക്കാന്‍ വേണ്ടി അസീസിനോട് ഒരായിരം ചോദ്യങ്ങങ്ങളും രേഖകളും ചോദിക്കുന്ന ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ഓഫീസര്‍, ഒരു പാതിരാത്രിയില്‍ ആരെങ്കിലും വിളിച്ചുണര്‍ത്തി ഐഡന്റിറ്റി തെളിയിക്കാന്‍ പറഞ്ഞാല്‍ സഹോദരി എന്ത് ചെയ്യും എന്നുള്ള അസീസിന്റെ ചോദ്യത്തിന് ഞാനെന്റെ പേര് പറയും, അതില്‍ എന്റെ മതവും ദേശവും എല്ലാമുണ്ട് എന്നാണ് മറുപടി നല്‍കുന്നത് . ഈ ഒരൊറ്റ ചോദ്യത്തിലും ഉത്തരത്തിലും അപര സ്വത്വങ്ങളുടെയും ന്യൂനപക്ഷ സ്വത്വങ്ങളുടെയും പ്രതിസന്ധി ശക്തമായി വരച്ചിടാന്‍ മാധവനാവുന്നു.
ഒരു മുസ്ലിം നാമധാരി (ജബ്ബാര്‍) വില്ലനായി വന്നു എന്നുള്ളതല്ല അന്‍സാരി ഉയര്‍ത്തിയ അടിസ്ഥാന പ്രശ്നം. മുസ്ലിം കഥാപാത്രങ്ങള്‍ കഥയില്‍ വരുമ്പോള്‍ ഒന്നുകില്‍ അവര്‍ നിരക്ഷര നിഷ്കളങ്കരായിരിക്കണമെന്നോ (പല എഴുത്തുകാരും പിന്തുടരുന്ന ഒരു വാര്‍പ്പ് മാതൃക) അല്ലെങ്കില്‍ അവരെ കേവലം ഇരകളായി മാത്രമേ ചിത്രീകരിക്കാവൂ എന്നൊന്നുമല്ല അന്‍സാരി പറഞ്ഞത്. മറിച്ച്, എങ്ങനെയാണ് ജനകീയ സംസ്കാരത്തില്‍ (popular culture) നിലനില്‍ക്കുന്ന മുസ്ലിം അപര സ്വത്വ നിര്‍മ്മിതിയില്‍ മാധവന്റെ ജബ്ബാര്‍ എന്ന കഥാപാത്ര നിര്‍മിതിയും ഭാഗഭാക്കാവുന്നത് എന്നാണ്. കേരളീയ സാമൂഹ്യ-സാംസ്കാരിക-സാഹിത്യ -പരിസരത്തിന്റെ സവിശേഷ പശ്ചാത്തലത്തില്‍ മലബാറും അത് പോലെ മലബാറിലെ ജനപ്രിയ കായിക ഇനമായ സെവന്‍സ് ഫുട്ബോളും എങ്ങനെയാണ് ഹിഗ്വിറ്റയില്‍ അപരവല്‍ക്കരിക്കപ്പെട്ടത് എന്ന് കൂടി അന്‍സാരി പരിശോധിക്കുന്നു. 
ബഷീര്‍ സാഹിത്യത്തിലെ കറുത്ത ഗര്‍ത്തങ്ങള്‍ എന്ന ലേഖനത്തില്‍ (ഈയിടെ മാതൃഭൂമി ബുക്സ് പുറത്തിറക്കിയ പുറം മറുപുറം എന്ന ലേഖന സമാഹാരത്തില്‍ ഇത് കാണാം) മാധവന്‍ പറയുന്നു, ബഷീര്‍ സാഹിത്യത്തില്‍ നിരൂപകര്‍ തമസ്കരിച്ച കറുത്ത ഗര്‍ത്തങ്ങള്‍ ഉണ്ടെന്ന്. അദ്ദേഹത്തിന്റെ ലേഖനം വായിച്ച ശേഷം ആ കാര്യങ്ങളോട് യോജിക്കാന്‍ മാത്രമേ എനിക്കും പറ്റിയുള്ളൂ. ബഷീര്‍ കൃതികളുടെ പുനര്‍വായന ആവശ്യപ്പെടുന്ന മാധവനെന്തേ ,പക്ഷെ, അന്‍സാരിയുടെ നിരൂപണത്തെ അതിന്റേതായ സ്പിരിറ്റില്‍ എടുക്കാന്‍ അന്ന് തയാറായില്ല?
1990 ല്‍ പുറത്തു വന്ന ഹിഗ്വിറ്റ തീര്‍ച്ചയായും മലയാള കഥാഖ്യാന ശൈലിയില്‍ പ്രകടമായ മാറ്റം കൊണ്ടുവന്ന ഒരു കൃതിയാണ്. എന്ന് വെച്ച് അതിനെ വേറൊരു വായനാ/നിരൂപണ രീതിയില്‍ വായിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനോട് ഇത്ര അസഹിഷ്ണുത മാധവനും ആരാധകരും പുലര്‍ത്തേണ്ടതുണ്ടായിരുന്നോ? അധിനിവേശാനന്തര പഠനത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് സാഹിത്യത്തിലെ മഹത്തായ കൃതികള്‍ എന്ന് കരുതപ്പെടുന്ന Robinson Crusoe, Mansfield Park, Heart of Darkness മുതലായവ പോലും പുനര്‍വായന നടത്തപ്പെടുമ്പോള്‍ അസഹിഷ്ണുത കാണിച്ചിട്ട് കാര്യമുണ്ടോ?
വിദ്യാര്‍ഥിയായിരുന്ന അന്‍സാരി നടത്തിയ അപക്വമായ അതിവായനയായിരുന്നു ഹിഗ്വിറ്റ വിമര്‍ശനമെന്ന് കഴിഞ്ഞ വര്‍ഷം മാതൃഭൂമി ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ മാധവന്‍ പറയുന്നു . അന്‍സാരിയുടെ പഠനം പുറത്തു വന്ന സമയത്ത് ‘അന്‍സാരി’ എന്ന പേരിനെ സൂചിപ്പിച്ചു കൊണ്ട് (അന്‍സാരി ഉത്തരേന്ത്യന്‍ മുസ്ലിംകളുടെ ഇടയിലുള്ള ഒരു ജാതിപ്പേര് കൂടിയാണ്) സ്വന്തമായി ഒരു പേര് പോലും ഇല്ലാത്ത ഒരാളുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ താന്‍ തയാറല്ല എന്നോ മറ്റോ മാധവന്‍ പറഞ്ഞതായി കേട്ടിരുന്നു. എന്നാല്‍ അന്‍സാരിയുടെ വിമര്‍ശനം ഒരു തരത്തില്‍ ന്യായമാണെന്നും സ്വത്വരാഷ്ട്രീയം എന്ന ഒരു പ്രത്യേക തത്വചിന്താ ശാഖയോടു ബന്ധപ്പെട്ട ഒരു തരം വായനയാണ് അതെന്നുമാണ് ഈയിടെ ഏഷ്യാനെറ്റില്‍ ഷാജഹാനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത്. ഒരു കൃതി ഒരു തരത്തില്‍ മാത്രമേ വായിക്കാവൂ എന്നോ ഒരു പ്രത്യേക രീതിയില്‍ വായിക്കാന്‍ പാടില്ല എന്നോ ഘടനാവാദാനന്തര വാദത്തിന്റെ വക്താക്കളായിരുന്ന ഫൂക്കോയുടെയും ബാര്‍ത്തിന്റെയും പാഠത്തെക്കുറിച്ചും അര്‍ത്ഥ നിര്‍മിതിയില്‍ വായനക്കാരനുള്ള പങ്കിനെ കുറിച്ചും മറ്റുമുള്ള സിദ്ധാന്തങ്ങളുടെ വെളിച്ചത്തില്‍ ആരും പറയാന്‍ ധൈര്യപ്പെടില്ല. അന്‍സാരിയും അത്തരമൊരു വായന നടത്തി എന്ന് വെച്ചാല്‍ മതി.
കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയില്‍ രാമന്റെ ഗുണഗണങ്ങളും കുറ്റങ്ങളും വിവരിക്കുന്നതിനിടെ തന്നെ കാട്ടിലുപേക്ഷിച്ച ശ്രീരാമന്റെ ചെയ്തിയെ ന്യായീകരിക്കാനായി സീത പറയുന്നുണ്ട് “ചില വീഴ്ച്ച മഹാനു ശോഭയാം മലയില്‍ കന്ധരമെന്ന പോലെ.”
മലകള്‍ക്കിടയില്‍ ചെറിയ ഗുഹകള്‍ സ്വാഭാവികമാണെന്നും അവ അഭംഗിയല്ല മറിച്ച് അലങ്കാരമാണെന്നും. ഒരു വന്‍പര്‍വതം പോലെ തന്നെ ഞാന്‍ കരുതുന്ന മാധവനില്‍ ചെറിയ ചെറിയഗുഹകളാകുന്ന കുറ്റങ്ങള്‍ ഉണ്ടെങ്കില്‍ അവ കണ്ടില്ലെന്നു നടിക്കാനോ അല്ലെങ്കില്‍ അവ അലങ്കാരമാണെന്ന് നടിക്കാനോ ഞാന്‍ പക്ഷെ ആശാന്റെ സീതയെ പോലെ അത്രയ്ക്ക് നിഷ്കളങ്കന്‍ അല്ലല്ലോ
.