May 1, 2012

ഉട്ടോപ്യയിലെ ഖാപ്‌ പഞ്ചായത്തുകള്‍

അന്യന്‍റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കാനാകുന്ന ഒരു കാലത്തിനു വേണ്ടിയാണ് അവനും ആത്മാര്‍ത്ഥമായി ആഗ്രഹിച്ചത്‌. മതമില്ലാത്ത ജീവന്‍ നിലനില്‍ക്കുന്ന, വ്യത്യസ്ത മതങ്ങളില്‍ ജനിച്ചു പോയ മജ്നുവും സാറാമ്മയും (ലൈല മാത്രമല്ല) ഒരുമിച്ചു ജീവിക്കുന്ന ഒരു സുന്ദരകാലത്തെ സ്വപ്നം കണ്ട അവന്‌ പക്ഷെ, തന്റെ കൂട്ടുകാരിയോടുള്ള സൌഹ്രദം അതിന്റെ പരിധി വിട്ടു പ്രണയത്തിലേക്ക്‌ അടുക്കുന്നത് ഒരു തരം ഉള്‍ഭയത്തോടെയാണ് അവന്‍ മനസിലാക്കിയത്‌. വ്യത്യസ്ഥ മത വിഭാഗത്തില്‍ പെട്ടവര്‍ പ്രണയിക്കുന്നതിനെ ലവ് ജിഹാദ്‌ എന്ന് വിളിക്കുന്നവരുടെ ഇടയിലല്ല, മറിച്ച് തന്നെ പോലെ തന്നെ ഭൂമിയിലെ സ്വര്‍ഗം സ്വപ്നം കാണുന്ന, ജാവേദ്‌ അലത്തിനും കെ ഇ എന്നിനുമെല്ലാം വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ടവരെ വിവാഹം കഴിക്കാന്‍ വര്‍ഗാധിപത്യം സ്വപ്നം കാണുന്ന അവരുടെ പാര്‍ട്ടി പിന്തുണ കൊടുത്തതിനെ കുറിച്ച് ഊറ്റം കൊള്ളുന്നവരുടെ, ഇടയിലാണല്ലോ താനിപ്പോള്‍ ഉള്ളത് എന്നതാണ് അവന്‌ അല്‍പമെങ്കിലും ആശ്വാസമേകിയത്.
മജ്നുവിന്‍റെയും സാറാമ്മയുടെയും ഹൃദയങ്ങള്‍ ഒന്നാണെങ്കില്‍ അവര്‍ പ്രണയബദ്ധരാകുക തന്നെ ചെയ്യുമെന്നും അതില്‍ ഭൂഗുരുതത്വിനു യാതൊരു പങ്കുമില്ലെന്നും ന്യൂട്ടന്റെ ഭൂഗുരുത്വ നിയമത്തില്‍ ഡിസ്ക്ലൈമര്‍ എഴുതി ചേര്‍ക്കാന്‍ പില്‍ക്കാല ഭൌതിക ശാസ്ത്രന്ജരെ നിര്‍ബന്ധിതരാക്കി കൊണ്ട് അവര്‍ രണ്ടു പേരും പ്രണയബദ്ധരാകുക തന്നെ ചെയ്തു. കൈകള്‍ കോര്‍ത്ത്‌ പിടിച്ചു കൊണ്ട് ലൈബ്രറിയിലേക്ക് നടന്നടുക്കുമ്പോയാണ് ഉട്ടോപ്യയുടെ ശില്പികളിലൊരാളായി സ്വയം അവരോധിച്ച ഒരു വിപ്ലവകാരി തന്റെ പുണൂലില്‍ മൈക്ക്‌ തൂക്കിയിട്ട് വര്‍ഗബോധമില്ലാത്ത, കേവലം ജാതി ബോധവും ഗോത്രബോധവും മാത്രമുള്ള ഹരിയാനയിലെയും രാജസ്ഥാനിലെയുമൊക്കെ രക്ഷിതാക്കള്‍ നടത്തുന്ന ദുരഭിമാന കൊലകളെ കുറിച്ച് ലൈബ്രറി ലോണില്‍ ഇരുന്നു മറ്റു ഉട്ടോപ്യന്‍ ശില്പികളെ ബോധവല്‍ക്കരിക്കുന്നത് കേട്ടത്. വിശാലമനസ്കാരുടെ വംശം കുറ്റിയറ്റിട്ടില്ല എന്നുള്ള ആത്മവിശ്വാസത്തില്‍ അവന്‍ ലൈബ്രറിയില്‍ കയറി വായന തുടങ്ങി. അതെ സമയത്താണ് ഉട്ടോപ്യയുടെ പ്രധാന ശില്‍പി സാറാമ്മയെ തേടി വന്നത്. ലൈബ്രറിയുടെ ഒരു കോണിലേക്ക് സാറാമ്മയെ വിളിച്ചു വരുത്തി ഉട്ടോപ്യന്‍ ശില്‍പി തന്റെ പ്രസംഗം ആരംഭിച്ചു. “മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പണ്ട് മാര്‍ക്സ്‌ പറഞ്ഞിട്ടുണ്ട്. ചിലര്‍ക്ക്‌ മതം
ഭ്രാന്താണെന്ന് ഗാന്ധിയും പറഞ്ഞിട്ടുണ്ട്‌. തന്‍റെ മജ്നുവിന്‍റെ മനസ്സ് നിറയും മതമെന്ന കറുപ്പാണ്.അത് കൊണ്ട് സൂക്ഷിക്കണം.”
അവന്‍റെ മനസ്സില്‍ മതത്തിന്‍റെ കറുപ്പാണെങ്കില്‍ താങ്കളുടെ കഴുത്തിലെ പുണൂലിലും, നെറ്റിയിലെ കുറിയിലും വര്‍ഷത്തില്‍ ഏതാനും ദിവസം ഉടുക്കാറുള്ള കറുത്ത തുണിയിലും ഉള്ളത് മതമല്ലാതെ പിന്നെ മതേത്വരതം ആണോ എന്ന് സാറാമ്മ ചോദിക്കാനാഞ്ഞപ്പോഴേക്കും ഉട്ടോപ്യന്‍ ശില്പിക്ക് സന്ധ്യാവന്ദനത്തിനു പോകാന്‍ സമയമായിരുന്നു.