November 10, 2013
November 6, 2013
യാത്രയക്കപ്പെടുന്ന ബലിമൃഗങ്ങളുടെ ഏകാന്തത
December 25, 2012 at 22:17
തങ്ങളെ യാത്രയയക്കാന്‍ അല്ലെങ്കില്‍ സ്വീകരിക്കാന്‍ ആരെങ്കിലും റെയില്‍വേ സ്റ്റേഷനിലോ എയര്‍പോര്‍ട്ടിലോ ബസ് സ്റ്റാന്‍ഡിലോ വരുമ്പോഴാണ് ഒരു നഗരം വീട് പോലെ അനുഭവപ്പെടാറുള്ളത് എന്ന് പറയാറുണ്ട്. നഗരങ്ങളില്‍ സ്ഥിര താമസമാക്കിയ പലര്‍ക്കും വല്ലപ്പോഴും സന്ദര്‍ശകരായി എത്തുന്നവരെ യാത്രയാക്കാലും സ്വീകരിക്കലും ഒരു സ്ഥിരം ചടങ്ങ് ആകാറുണ്ട്. എന്നാല്‍ നഗരം വിട്ടു പോകുന്നവരെ യാത്രയാക്കലാണ് ഏറ്റവും വേദന നിറഞ്ഞ അനുഭവം എന്ന് സ്ഥിരം യാത്രയയപ്പുകാര്‍ പറയും. റെയില്‍വേ സ്റ്റേഷന് അടുത്ത് താമസിക്കുന്നത് കൊണ്ട് സ്ഥിരമായി യാത്രയപ്പുകാരന്‍ ആകേണ്ടി വരുന്ന ഒരു സുഹൃത്ത് എനിക്കുണ്ട്. നഗരം വിട്ടു പോകുന്നവരെ യാത്രയാക്കി മനസ്സ് മരവിച്ചു പോയി എന്നാണ് ഒരിക്കല്‍ അവന്‍ എന്നോട് പറഞ്ഞിട്ടുള്ളത്. പിന്നീട് ഒരിക്കലും കണ്ടു മുട്ടാന്‍ സാധ്യത ഇല്ല എന്ന് കരുതുന്ന സുഹൃത്തുക്കളെ യാത്രയാക്കുമ്പോള്‍ ഒരു ശവ മഞ്ചം ചുമക്കുന്ന നിര്‍വികാരത പലപ്പോഴും അനുഭവപ്പെടാറുണ്ട്. യാത്രയയപ്പുകാരനില്‍ നിന്നും യാത്രയാക്കപ്പെടുന്ന ആളിലേക്ക് നോക്കിയാല്‍, ഒരു ബലി മൃഗത്തെ ബലിക്കായി കൊണ്ട് പോകുന്ന പോലെയാണ് ആ ആള്‍ എനിക്ക് അനുഭവപ്പെടാറുള്ളത്. യാത്രയക്കുന്നവരും യാത്രയക്കപ്പെടുന്നവരും എത്രയും പെട്ടെന്ന് ഈ ചടങ്ങ് ഒന്ന് അവസാനിച്ചു കിട്ടിയിരുന്നെങ്കിലെന്നു കരുതാറുണ്ട്. ട്രെയിനിന്‍റെ അല്ലെങ്കില്‍ ഫ്ലൈറ്റിന്റെ അല്ലെങ്കില്‍ ബസ്സിന്‍റെ പുറപ്പെടല്‍ സമയം ആവാനുള്ള ഒരു കാത്തിരിപ്പ്. അത് കഴിഞ്ഞാല്‍ കുഴി മാടത്തില്‍ മൃതദേഹം ഇറക്കി വെച്ച് തിരിച്ചു നടക്കുന്ന ബന്ധു മിത്രാദികളുടെതിനു സമാനമായ ഒരു നിര്‍വികാരതയോടെയുള്ള ഒരു തിരിഞ്ഞു നടത്തം. അതിനുള്ള കാത്തിരിപ്പാണ് ചിലപ്പോഴൊക്കെ യാത്രയപ്പുകള്‍. യാത്രയാക്കുമ്പോള്‍ പല ഓര്‍മ്മകളുടെ കൂടി മരണമാണല്ലോ സംഭവിക്കുന്നത്. ഓര്‍മ്മകള്‍ മരിക്കുമ്പോള്‍ നമ്മളും മരിക്കും എന്ന് പറയുന്നത് സത്യമായിരിക്കാം.എന്നെന്നേക്കുമായി യാത്രയയച്ച ചിലര്‍ തിരിച്ചു വരുമ്പോള്‍ അതൊരു പ്രേതത്തിന്റെ തിരിച്ചു വരവ് പോലെ അനുഭവപ്പെടുമോ? അറിഞ്ഞു കൂടാ. എന്നാല്‍ യാത്രയക്കപ്പെട്ട ആളുടെ ബസ്സോ ട്രെയിനോ ലേറ്റ് ആകുമ്പോള്‍ ബലിക്ക് നിശ്ചയിക്കപ്പെട്ട മൃഗത്തിന് അഞ്ചു അല്‍പ സമയം കൂടെ നീട്ടി കിട്ടുമ്പോള്‍ ഉണ്ടാകുന്ന തരത്തിലുള്ള ഒരു തരം അനുഭവമാണ് ഉണ്ടാവാറുള്ളത്. മരണത്തിനു നിശ്ചയിക്കപ്പെട്ട ഒരാള്‍ക്ക് (ബലി മൃഗമോ ചാവേറോ ആകട്ടെ) അല്‍പ നേരം കൂടെ നീട്ടി കിട്ടുന്നത് അസഹാനീയമാകുമല്ലോ. ഒരിക്കല്‍ ഒരു കൂട്ടുകാരനെ യാത്രയാക്കാന്‍ പോയ അനുഭവം വേറെ ചിലര്‍ പറഞ്ഞിട്ടുണ്ട്. ഇനിയൊരിക്കലും കാണാന്‍ പറ്റിയെന്നു വരില്ല എന്നെല്ലാമുള്ള സങ്കടം പറയലുകള്‍ക്കും കരച്ചിലിനും ശേഷം കൂട്ടുകാര്‍ തിരിഞ്ഞു നടക്കാനും ബസ് മുന്നോട്ട് എടുക്കാനും തുടങ്ങി. എന്നാല്‍ ഏതാണ്ട് ഇരുന്നൂര്‍ മീറ്റര്‍ അകലെ ബസ്സ് അര മണിക്കൂറോളം നിര്‍ത്തിയിട്ടപ്പോള്‍ തനിക്ക് ബലിക്ക് താമസം നേരിടുന്ന ഒരു ബലി മൃഗത്തിന്‍റെ മാനസികാവസ്ഥ ആണ് ഉണ്ടായത് എന്ന് ആ കൂട്ടുകാരന്‍. ഒരിടത്ത് എന്ന തന്‍റെ കഥയില്‍ ബലിക്കു താമസം നേരിടുമ്പോള്‍ ബലിക്കിരയാവേണ്ട തവളയുടെ മനോവ്യാപാരങ്ങള്‍ വരച്ചിടുന്നുണ്ട് സക്കറിയ. ബലിക്ക് നിശ്ചയിക്കപ്പെട്ടത് കൊണ്ട് തന്നെ ഒരു തിരിച്ചു പോക്ക് സാധ്യമല്ല. എന്നാല്‍ തന്നെ തേടി ഒരു വേട്ടക്കാരനും വരുന്നില്ല. തന്‍റെ ബലിയും കാത്തു നില്‍ക്കുന്ന മറ്റു തവളകളുടെ പിന്നില്‍ നിന്നുള്ള ദൃഷ്ടികളെ കുറിച്ചുള്ള ബോദ്ധ്യം ആ ബലി തവളയെ എകാന്തനാക്കുകയാണ്. ഒരു പക്ഷെ ബലിക്ക് നിശ്ചയിക്കപ്പെട്ട ആളും യാത്രയച്ചിട്ടും യാത്ര പുറപ്പെടാന്‍ വൈകുന്ന ആളും പെനാല്‍റ്റി കിക്ക് കാത്തു നില്‍ക്കുന്ന ഗോളിയും (The Goalie's Anxiety at the Penalty Kick എന്ന നോവലിനോടും ഹിഗ്വിറ്റ എന്ന എന്‍ എസ് മാധവന്‍റെ കഥയോടും കടപ്പാട്) ആയിരിക്കാം ഏറ്റവും എകാന്തന്മാര്‍.
പുട്ടും പ്രതാപവും
October 5, 2012 at 22:01
ഇഫ്ലു മെസ്സിനെ കുറിച്ച് പറയാറുള്ളത് മെസ്സില്‍ ജോയിന്‍ ചെയ്തില്ലെങ്കില്‍ എവിടുന്ന് ഭക്ഷണം കഴിക്കണം എന്നാലോചിച്ചാല്‍ മതി എന്നാല്‍ മെസ്സില്‍ ചേര്‍ന്നാല്‍ ഭക്ഷണം കഴിക്കണോ എന്ന് തന്നെ ആലോചിക്കേണ്ടി വരും എന്നാണ്. മെസ്സില്‍ നിന്നും അവധിയെടുത്ത് നില്‍ക്കുന്ന ഇന്ന് രാത്രിയില്‍ ഭക്ഷണം എവിടുന്ന് കഴിക്കണം എന്ന് ചോദിക്കാന്‍ സുഹൃത്ത് ഷരീഫിന്‍റെ മുറിയില്‍ പോയപ്പോള്‍ അവന്‍ പണവും പ്രതാപവും നമുക്കെന്തിനാ, പുട്ടുണ്ടല്ലോ പുട്ടിന്‍ പൊടിയുണ്ടല്ലോ" എന്ന പാട്ട് തിരിച്ചും മറിച്ചും കേട്ട് കൊണ്ടിരിക്കുകയാണ്. എവിടുന്നാ പുട്ട് കഴിക്കാന്‍ പറ്റുക എന്നവന്‍ ചോദിച്ചപ്പോള്‍ ഹൈദരാബാദിലെ കേരള ഭക്ഷണശാലകളോടുള്ള മുന്‍ വിധി മാറ്റി വെച്ചു സെക്കന്തെരാബാദിലെ ജെം ഹോട്ടെലില്‍ പോകാമെന്ന് വെച്ചു. ഭക്ഷണത്തിന്‍റെ രാഷ്ട്രീയത്തെ കുറിച്ച് നിരന്തരം സംസാരിക്കുമെങ്കിലും വേണ്ട വിധം ഭക്ഷണം കഴിക്കാത്തതിനാല്‍ ഞാന്‍ മുരിങ്ങാക്കോല്‍ പോലെ ആകുന്നുണ്ടെന്നും ഏതെങ്കിലും 'സവര്‍ണര്‍' സദ്യക്കൊപ്പം വിളമ്പുന്ന സാമ്പാറില്‍ ഇടാന്‍ എന്നെ ഉപയോഗിച്ചേക്കും എന്നൊക്കെ ചില സുഹൃത്തുക്കള്‍ കളിയാക്കാറുണ്ട്. എന്നാല്‍ പിന്നെ കാര്യമായി അല്‍പ്പം എന്തെങ്കിലും തട്ടാം എന്ന് വെച്ചു.
ആദ്യം തന്നെ ഓരോ പ്ലേറ്റ് പുട്ടും ഒരു ചിക്കന്‍ ഉലര്‍ത്തിയതും ഓര്‍ഡര്‍ ചെയ്തു. അതിനിടക്ക് പുട്ട് പണ്ട് മുതലേ ഒരു കീഴാള ഭക്ഷണമായിരുന്നു എന്നും അതിനാല്‍ തന്നെ കീഴാളന്‍റെ ഭക്ഷണ ശീലത്തെ പരിഹസിക്കാന്‍ പുട്ടിനെ കണ്ടിയപ്പം എന്നാണ് വരേണ്യര്‍ വിളിക്കാരുണ്ടായിരുന്നത് എന്നുമുള്ള കെ ഇ എന്നിന്‍റെ പുസ്തകത്തില്‍ നിന്ന് കിട്ടിയ ജ്ഞാനം വിളമ്പാന്‍ തുടങ്ങിയ എന്നില്‍ നിന്ന് ഷരീഫിനെ രക്ഷിച്ചത് പ്രതീക്ഷിച്ചതിലും നേരത്തെ എത്തിയ പുട്ടും ചിക്കനും ആയിരുന്നു. കൈരളിക്കാര്‍ കേരളീയത്തിനു ചിക്കന്‍ വിളമ്പുന്നതില്‍ പ്രശനം കണ്ടെത്തുകയും എന്നിട്ട് ഇവിടെ വന്നു പോത്തോ പന്നിയോ കഴിക്കാതെ നീ എന്തിനാ ചിക്കന്‍ കഴിക്കുന്നത് എന്ന് അതിനിടെ ഷരീഫ് എന്നെയൊന്നു വാരി. ഏതായാലും നല്ല തേങ്ങയും കൊത്ത മല്ലിയും എല്ലാം ഇട്ട ചിക്കന്‍ ഉലര്‍ത്തിയത് രണ്ടു പേര്‍ക്കും നന്നായി പിടിച്ചു. പുട്ട് കഴിച്ചു തീര്‍ന്നിട്ടും ചിക്കന്‍ ഉലര്‍ത്തിയത് തീരാതിരുന്നപ്പോ ഓരോ പ്ലേറ്റ് ഇടിയപ്പം കൂടി ഓര്‍ഡര്‍ ചെയ്യേണ്ടി വന്നു. ഇടിയപ്പത്തിനു തന്‍റെ നാട്ടില്‍ നൂല്‍പ്പുട്ട് എന്നാണ് പറയുക എന്നും അതിനാല്‍ നമ്മള്‍ കഴിക്കുന്നത് പുട്ട് തന്നെയാണെന്നും സിദ്ധാന്തം ചമച്ചു ഷരീഫ്. കോഴിയുടെ എരിവു വല്ലാതെ അങ്ങ് ആയപ്പോള്‍ പണ്ടത്തെ സാമ്രാജ്യത്വ വിരോധം ഒക്കെ മറന്നു കോളയില്‍ അഭയം തേടേണ്ടി വന്നു രണ്ടിനും. ഏതായാലും എല്ലാം നന്നായി ആസ്വദിച്ചു ഭക്ഷണത്തിനു പ്രൊഫഷണല്‍ റിവ്യൂക്കാര്‍ നല്‍കുന്ന പോലെ എത്ര മാര്‍ക്ക് നല്‍കാം എന്നായി പത്രപ്രവര്‍ത്തകന്റെ കുപ്പായം അഴിച്ചു വെച്ചിട്ടും മനസ്സില്‍ നിന്നും പത്രപ്രവര്‍ത്തകനെ ഇറക്കി വെക്കാത്ത ഷരീഫിന്‍റെ ആലോചന. അഞ്ചില്‍ മൂന്നര കൊടുക്കുന്നതാണ് ഇപ്പോഴത്തെ ഒരു രീതി എന്ന് ഞാന്‍ തട്ടി വിട്ടു. മാര്‍ക്ക് എത്ര കൊടുത്താലും ബില്ലില്‍ കുറവുണ്ടാവില്ലെന്നു നമുക്കറിയാമല്ലോ. ഏതായാലും ബില്ല് വന്നപ്പോള്‍ കണ്ണ് നിറഞ്ഞു പോയി എന്ന ക്ലിഷേ വാചകത്തില്‍ ഈ കുറിപ്പ് എനിക്ക് അവസാനിപ്പിക്കേണ്ടി വരില്ല. കാരണം പണവും പ്രതാപവും വേണ്ട, പുട്ട് മാത്രം മതി എന്ന് പറഞ്ഞ ഷരീഫിന്‍റെ പോക്കറ്റില്‍ നിന്ന് പണം പോകുമ്പോഴും എനിക്ക് പ്രതാപിയെ പോലെ നിന്നാല്‍ മതിയല്ലോ.
April 11, 2012
ഒരു ബുദ്ധിജീവിയുടെ ജനനം
(Disclaimer: ഈ കഥ എഴുതിയത് ഞാനാണെങ്കിലും ഇതിന്‍റെ ഉള്ളടക്കത്തിന് മേല്‍ എനിക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല.)
പഞ്ചായത്ത് മുഖേന സൌജന്യ കാലിത്തീറ്റ വിതരണം ചെയ്യുന്നതിന് മുന്‍പ് അമ്മിണി ചേച്ചിയുടെ പശു എങ്ങനെയായിരുന്നോ അത് പോലെ മെലിഞൊട്ടി നിന്നിരുന്ന അവന്‍ പാര്‍ട്ടിയെ നയിക്കാന്‍ സൈദ്ധാന്തിക അടിത്തറയുള്ള യുവാക്കള്‍ വേണമെന്നുള്ള നാട്ടിലെ സഖാക്കാളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് സഖാവ് കമലേഷ് സ്മാരക വായനശാലയില്‍ ടിവിയും കണ്ടു മനോരമയും വായിച്ചു നേരം കളയുന്നത് മതിയാക്കി കോളേജില്‍ ചേരാമെന്ന് വെച്ചത്. പ്ലസ്‌ടുവിന് വര്‍ഗ വിരോധികളായ മറ്റുള്ളവര്‍ക്ക് മാര്‍ക്കിന്റെ കാര്യത്തില്‍ സര്‍പ്ലസ് ഉണ്ടായിരുന്നത് കൊണ്ട് തന്നെ മാര്‍ക്സ് മാത്രം കൂട്ടുള്ള അവന് ഒരു സീറ്റ് കിട്ടല്‍ അവനു അത്ര എളുപ്പമായിരുന്നില്ല. എയ്ഡഡ് കോളെജുകള്‍ മുഴുവന്‍ സമുദായ പാര്‍ട്ടിയുടെ നിയന്ത്രണത്തിലായതിനാല്‍ ഒരു സൈധാന്തികന്റെ ജനനത്തിനു വേണ്ടി അവരുടെ നേതാവിന്‍റെ കാലു പിടിക്കുക എന്ന ചെറിയൊരു പ്രത്യയശാസ്ത്രവിട്ടുവീഴ്ചയൊക്കെ നടത്തുന്നതില്‍ തെറ്റില്ല എന്ന നിഗമനത്തില്‍ അവനെത്തി. (അച്യുതാനന്ദന്‍ ബാധ പിടിപ്പെട്ട ഏതെങ്കിലും സഖാവ് ചോദിച്ചാല്‍ ‘അടവ് നയം’ ആണെന്ന് പറഞ്ഞാല്‍ മതിയെന്ന് ലോക്കല്‍ കമ്മിറ്റി സെക്രെട്ടറി ഉപദേശവും നല്‍കി). അങ്ങനെ ഒടുവില്‍ അഡ്മിഷനൊക്കെ തരപ്പെടുത്തി കോളേജില്‍ പോയി തുടങ്ങിയപ്പോഴാണ് തന്റെ മുഖത്തെ താടിയെല്ല് കാണുമ്പോള്‍ വര്‍ഗസമര വിരോധികളും സ്വത്വവാദികളും ആണെങ്കിലും മനസിനുള്ളില്‍ ഒരു എ കെ ജി ഭവന്‍ പണിയാന്‍ കെല്‍പ്പുള്ള തരുണീമണികള്‍ക്ക് ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം എന്ന കീഴാള വിരുദ്ധ പഴഞ്ചൊല്ല് അസ്ഥാനത്ത് ഓര്മ വരുമോ എന്നൊരു സൈദ്ധാന്തിക ശങ്ക അവനെ പിടികൂടിയത്. ഒരു സുഹ്ര്തിന്റെ ഉപദേശം സ്വീകരിച്ചു ഒരാഴ്ച ബ്ലേഡ് മുഖത്തോടടുപ്പികാതിരുന്നപ്പോള്‍ പറശിനിക്കടവിലെ പാര്‍ട്ടി സ്പോണ്‍സേര്‍ഡ് കണ്ടല്‍ പാര്‍ക്ക് വരുന്നതിനു മുന്‍പുള്ള കണ്ടല്‍ കാട് പോലെയായി അവന്റെ മുഖം. ആഗതമായിരിക്കുന്ന വര്‍ഗ വിപ്ലവത്തിന് തൊട്ടു മുന്‍പുള്ള വലിയൊരു സൈദ്ധാന്തിക പ്രശ്നം അങ്ങനെ പരിഹരിച്ച നിര്‍വൃതിയില്‍ ഇരിക്കുമ്പോഴാണ് അടുത്ത പ്രതിസന്ധി തല പൊക്കുന്നത്.
ഗ്രാമങ്ങള്‍ നഗരങ്ങളെ വളയുമെന്ന മാവോയുടെ വാക്കുകളെ ചില ഘടനാവാദാനന്തര സാഹിത്യനിരൂപകരെ പോലെ വ്യാഖ്യാനിച്ചപ്പോള്‍ മനസിലായതനുസരിച്ച് അവന്‍ സാദ്ധ്യമാക്കാന്‍ ഉദ്ദേശിച്ചത് പട്ടണങ്ങളില്‍ നിന്നും പഠിക്കാന്‍ വരുന്ന പെണ്‍പിള്ളേരെ വളച്ചെടുത്ത് കൊണ്ടാണ്. ഇത് വരെ സ്ഥിരവേഷമായിരുന്ന മുണ്ടിന് പരിഷ്കാരം പോരാ എന്നും കട്ടന്‍ ചായയും പരിപ്പ് വടയും മാത്രം മാറ്റിയാല്‍ പോരാ എല്ലാവരും ദേശീയ സെക്രെട്ടറിയെ പോലെ പാന്റ്സ് ധരിക്കണമെന്ന് അടുത്ത ലോക്കല്‍ കമ്മിറ്റിയില്‍ പ്രമേയം പാസാക്കണമെന്നും അവനു തോന്നി തുടങ്ങി. അങ്ങനെ തന്‍റെ വേഷം ജീന്‍സിലെക്ക് മാറ്റി അവന്‍. പക്ഷെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കൃത്യ സമയത്ത് ഷട്ടര്‍ ഇടാന്‍ തമിഴ്നാട് ഉദ്യോഗസ്ഥര്‍ മറക്കുന്നത് പോലെ മൂത്രമൊഴിച്ച ശേഷം പാന്റ്സിന്റെ സിപ് ഇടാന്‍ അവന്‍ മറക്കുന്നതും അത് കണ്ടു പലരും ചിരിക്കുന്നതും നിത്യ സംഭവമായി. നാട്ടിലെ പാര്‍ട്ടി വായനശാലയില്‍ മഴക്കാലത്ത് ടാര്‍ പായയുടെ തുളയിലൂടെ വെള്ളം വരുന്നത് തടയാന്‍ തുളകള്‍ മറക്കുന്ന വിധത്തില്‍ തൊട്ടു മുന്‍പ് നടന്ന പാര്‍ട്ടി സമ്മേളനത്തിനുപയോഗിച്ച ഫ്ലെക്സ് ബോര്‍ഡുകള്‍ കൊണ്ട് മറക്കുന്നത് പോലെ സിപ്പിന്റെ ഭാഗം മറയുന്ന വിധത്തില്‍ ഒരു ജുബ്ബ ധരിച്ചാല്‍ തന്റെ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് അവന്‍ കണ്ടെത്തി. അങ്ങനെ ജുബ്ബയായി അവന്റെ സ്ഥിരം വേഷം. കുറച്ചു കാലം പ്രശ്നങ്ങളൊന്നുമില്ലാതെ അങ്ങനെ കഴിഞ്ഞു പോയി.
നാട്ടില്‍ പണ്ട് വല്ല്യുപ്പയുടെ ജുബ്ബാ പോക്കറ്റില്‍ നിന്ന് ബീഡി കട്ടെടുത്തു വലിച്ചിരുന്ന ശീലം മാത്രം അവന് മാറ്റാന്‍ കഴിയാത്തത് സുന്ദരികളെ വളയ്ക്കുക എന്നുള്ളത് പരാജയപ്പെട്ട ഒരു വിപ്ലവമായി മാറി. ബീഡി വലി ശീലം മാറ്റാതിരുന്നത് ചരിത്രപരമായ ഒരു വിഡ്ഢിത്തമായി എന്ന് അവന്‍ തോന്നിയെങ്കിലും അന്ന് മുതല്‍ അവന് പുതിയൊരു സ്വതം വീണു കിട്ടി-ബുദ്ധിജീവി. ക്ലാസ്സില്‍ അവന്‍ നോട്ടമിട്ടിരുന്ന ഉണ്ടക്കണ്ണി അവനെ ബുദ്ധിജീവി എന്ന് വിളിച്ച ആ സമയത്ത് തന്നെ അവനെ കോളേജില്‍ പഠിക്കാന്‍ നിര്‍ബന്ധിച്ചയച്ച ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, ഉത്തരാധുനികരില്‍ നിന്ന് ഗ്രാംഷിയെ മോചിപ്പിക്കാനും തിരിച്ചു പിടിക്കാനും വേണ്ടി പാര്‍ട്ടി നടത്തിയ ഒരു പഠന ക്ലാസ്സില്‍ ഗ്രാംഷിയുടെ The Formation of the Intellectuals എന്ന ലേഖനത്തിന്‍റെ നോട്ട്സ് കുറിച്ചെടുക്കുകയായിരുന്നു.
Subscribe to:
Posts (Atom)
