June 13, 2014

മോഷ്ടിക്കപ്പെടാതെ പോയ പേഴ്സില്‍ നിന്ന് കളഞ്ഞു പോയ അനുഭവക്കുറിപ്പ്

അനുഭവങ്ങളെ കുറിച്ചുള്ള എഴുത്തുകളാണ് കൂടുതല്‍ ആധികാരികവും തീവ്രവുമായത് എന്നൊരു (തെറ്റു)ധാരണ പൊതുവേ ഉണ്ടല്ലോ. ബഷീര്‍ എഴുതിയ പലതും തന്‍റെ അനുഭവത്തില്‍ നിന്നായിരുന്നില്ല മറിച്ച് ഭാവനയില്‍ നിന്നായിരുന്നു എന്ന് ഒരു വിമര്‍ശകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് വലിയൊരു കോലാഹലത്തിനു കാരണമായത് എഴുത്തില്‍ അനുഭവത്തിന് നാം കല്‍പ്പിക്കുന്ന അമിത പ്രാധാന്യം കൊണ്ട് തന്നെയാണല്ലോ. അനുഭവങ്ങള്‍ ഇല്ലാത്തവര്‍ പലപ്പോഴും അനുഭവങ്ങള്‍ ഉണ്ടാക്കാന്‍ അല്ലെങ്കില്‍ simulate ചെയ്യാന്‍ ശ്രമിക്കുന്നത് നാം കാണാറുണ്ട്. എഴുപതുകളോടെ വിപ്ലവം അവസാനിച്ചു, പുതിയ കാലത്ത് വിപ്ലവങ്ങള്‍ ഒന്നുമില്ല എന്ന് ധരിച്ചു എഴുപതുകളെ പുനരാവിഷ്കരിക്കാന്‍ ശ്രമിക്കുന്നവര്‍ ധാരളമായിരുന്നുല്ലോ കുറച്ചു കാലം മുന്‍പേ വരെ. തന്‍റെ കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാത്തത് കൊണ്ടാണ്, തന്‍റെ ഉമ്മയും ബാപ്പയും നല്ല സ്വരചേര്‍ച്ചയില്‍ ആയത് കൊണ്ടാണ്, താന്‍ പട്ടിണി കിടക്കാത്തത് കൊണ്ടാണ് തനിക്ക് നല്ല സിനിമകളൊന്നും ചെയ്യാന്‍ കഴിയാത്തത് എന്ന് മലയാളത്തിലെ ഒരു  സംവിധായകന്റെ പേര് ഷെയർ ചെയ്യുന്ന, ഫിലിം മേക്കര്‍ മോഹവുമായി നടക്കുന്ന ഒരു സുഹൃത്ത്‌ ഇടയ്ക്കിടെ വിലപിക്കാറുണ്ട്.
ഇത്രയും വലിയ ഒരു മുഖവുര ഇവിടെ നല്‍കിയത് അനുഭവങ്ങള്‍ക്ക് വരള്‍ച്ച നേരിട്ട് കൊണ്ടിരുന്ന സമയത്ത് ആകസ്മികമായി ചാടി വീണ ഒരു അനുഭവത്തിനെ കുറിച്ച്, അല്ലെങ്കില്‍ ഒരനുഭവക്കുറിപ്പ്‌ എഴുതാനുള്ള അവസരം അനുഭവം ചില അപ്രതീക്ഷിത ട്വിസ്റ്റ്കള്‍ എടുത്തത് കൊണ്ട് നഷ്ടമായതിനെ കുറിച്ച് പറയാനാണ്.

റൂമില്‍ വേനല്‍ക്കാല ചൂട് കാരണം ഇരിക്കാന്‍ പറ്റാതയത് കൊണ്ട് ഈയിടെയായി പകലുറക്കവും ഫേസ്ബുക്ക് ഉപയോഗവും എയര്‍ കണ്ടീഷന്‍ ചെയ്ത ലൈബ്രറി ഹാളിലേക്ക് മാറ്റിയതായിരുന്നു. ഇടയ്ക്കിടെ ഉള്ള ചായ കുടിക്കും നല്ല വല്ല വാര്‍ത്തകളും വരാനുണ്ടോ എന്നറിയാന്‍ ഇടയ്ക്കിടെ മെയിലും ഫേസ്ബുക്കും ചെക്ക്‌ ചെയ്യുനതിനിടെ വല്ലപ്പോഴും ഒന്നോ രണ്ടോ പേജും വായിച്ചു ലൈബ്രറിയില്‍ ഇരിക്കുകയായിരുന്നു എന്നത്തേയും പോലെ പോലെ അന്നും. ഏകദേശം നാല് മണി ആഴപ്പോള്‍ ആണ് ഓര്‍മ്മ വന്നത് തൊട്ടടുത്തുള്ള ഒസ്മാനിയ യൂണിവേഴ്സിറ്റിയില്‍ ഒരു സുഹൃത്തിന്‍റെ ഏതാനും അപേക്ഷ ഫോറങ്ങള്‍ കൊണ്ട് കൊടുക്കണമെന്ന്. വേറൊരു സുഹൃത്തിന്‍റെ ബൈക്കും എടുത്ത് ഉടന്‍ ഒസ്മാനിയയിലേക്ക് വിട്ടു. വഴിയില്‍ ഒരുത്തന്‍ ലിഫ്റ്റ്‌ ചോദിച്ചപ്പോള്‍ നിര്‍ത്തിയത് തനിക്ക് പോകേണ്ട സ്ഥലം കൃത്യമായി അറിയാത്തത് കൊണ്ടും കൂടിയായിരുന്നു അവന്‍ പിറകില്‍ കേറിയതും സ്വതവേ paranoid ആയ ഞാന്‍ ഇടയ്ക്കിടെ തിരിഞ്ഞും മറിഞ്ഞും നോക്കാന്‍ തുടങ്ങി. കഴിഞ്ഞ ആഴ്ച മാത്രമാണ് പ്ലസ്‌ടു കഴിഞ്ഞു നില്‍ക്കുന്ന അനിയനോട് എന്നെ സ്റ്റേറ്റ് പിടിക്കാന്‍ വരുന്നുണ്ടോ എന്ന് സംശയം ഉണ്ടെന്നു ഞാന്‍ പറഞ്ഞതും സ്റ്റേറ്റ് എങ്ങനെയാണ് ആളെ പിടിക്കുക എന്നറിയാതെ അവന്‍ വാ പൊളിച്ചു നിന്നതും. മുന്നില്‍ നിന്ന് വെടിയുണ്ടകള്‍ വരുമ്പോള്‍ മാത്രമാണല്ലോ വിരിമാറ് കാണിച്ചു കൊടുക്കാന്‍ പറ്റുക. പുറകിലെ ആക്രമണം നേരിടാന്‍ പിറകില്‍ മാറിലല്ലോ. പിറകിലിരിക്കുന്നവനെ ഒരു ജങ്ക്ഷനില്‍ ഇറക്കി അവന്‍ കാണിച്ചു തന്ന ദിശയിലേക്ക് ഞാന്‍ വണ്ടി മുന്നോട്ടെടുത്തു. അല്‍പം മുന്നോട്ട് പോയിട്ടും താന്‍ ഉദ്ദേശിച്ച ബില്‍ഡിംഗ്‌ കാണാത്തപ്പോള്‍ അവിടെ ചുറ്റുവട്ടത്ത് നില്‍ക്കുകയായിരുന്ന ഒരു ചെറു സംഘത്തോട് എനിക്ക് പോകേണ്ട ബില്‍ഡിംഗ്‌ എവിടെ എന്ന് ചോദിച്ചു. ആ ബില്‍ഡിങ്ങിലേക്കുള്ള ദിശ ചൂണ്ടിക്കാട്ടിയ ശേഷം ഞാനും വന്നോട്ടെ അത് വരെ എന്ന് ചോദിച്ചു. കേവലം ഇരുന്നൂര്‍ മീറ്റര്‍ മാത്രം പോയപ്പോള്‍ ഒരു ബില്‍ഡിംഗ്‌ കണ്ടപ്പോള്‍ അവിടെ അവന്‍ ഇറങ്ങുകയും ഞാന്‍ അകതോട്ടു പ്രവേശിക്കുകയും ചെയ്തു. എന്നാല്‍ അവിടെ എത്തിയപ്പോഴാണ് അറിയുന്നത് അതായിരുന്നില്ല എനിക്ക് പോകേണ്ട സ്ഥലം എന്ന്. ബൈക്ക് വീണ്ടും സ്റ്റാര്‍ട്ട്‌ ചെയ്ത്, അവിടെ ഉള്ള ഒരാള്‍ ചൂണ്ടിക്കാട്ടിയ സ്ഥലത്തേക്ക് നീങ്ങാന്‍ ഒരുങ്ങുമ്പോള്‍ ആണ് തന്‍റെ ബാഗില്‍ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലലോ എന്നുറപ്പിക്കാം എന്ന് സ്വതവേ paranoid ആയ ഞാന്‍ തീരുമാനിക്കുന്നത്. ബാഗില്‍ എല്ല്ലാം സേഫ് ആണെങ്കിലും താന്‍ സ്ഥിരമായി പേഴ്സ് സൂക്ഷിക്കുന്ന ജീന്‍സിന്‍റെ പോക്കറ്റ് കാലി ആണെന്നതു അപ്പോഴാണ് ശ്രദ്ധയില്‍ പെടുന്നത്. തനിക്ക് തെറ്റായ വഴി പറഞ്ഞു തന്ന് തന്‍റെ പിന്നില്‍ കേറി തന്‍റെ പോക്കറ്റടിക്കുകയായിരുന്നു എന്‍റെ പുറകില്‍ കേറിയവന്‍റെ ഉദ്ദേശം എന്ന് ഞാനതോടെ തീര്‍ച്ചപ്പെടുത്തുകയും ചുറ്റുവട്ടത്തെങ്ങാനും അവനുണ്ടോ എന്ന് ബൈക്കില്‍ അവിടെയും ഇവിടെയും പോയി നോക്കുകയും ഗേറ്റില്‍ ഉണ്ടായിരുന്ന സെക്യൂരിറ്റിയോട് പറയുകയും ചെയ്തു. കൂട്ടത്തില്‍ ഒരുത്തന്‍ എന്‍റെ കൂടെ വരികയും ഞങ്ങള്‍ വിശദമായ തിരച്ചില്‍ നടത്തുകയും ചെയ്തു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഒരു സുഹൃത്തിന്‍റെ ഷോര്‍ട്ട് ഫിലിമില്‍ ഞാന്‍ അവതരിപ്പിച്ച കഥാപാത്രം ഷരീഫ് അവതരിപ്പിച്ച കഥാപത്രത്തിന്‍റെ നിലത്തു വീണ പേഴ്സ് എടുത്തോടുന്നതിനെ കുറിച്ചാലോചിച്ചതിന് പടച്ചോന്‍ തന്ന പണിയാണോ ഇതെന്നു പോലും തോന്നി. എല്ലാം കാണുന്നു കേള്‍ക്കുന്നു എന്ന് പറഞ്ഞ പടച്ചോന്‍ ഷോര്‍ട്ട് ഫിലിമും കാണാതിരിക്കില്ലല്ലോ. ഇതിനിടയില്‍ ഒരു സുഹൃത്തിനെ വിളിച്ച് എന്‍റെ അക്കൌണ്ടിലെ കാഷ് മുഴുവന്‍ അവന്‍റെ അക്കൌണ്ടിലേക്ക് മാറ്റാനും ATM കാര്‍ഡ്‌ ബ്ലോക്ക്‌ ചെയ്യാനും പറഞ്ഞു കൊണ്ട് എന്‍റെ അക്കൗണ്ട്‌ ഡീറ്റയില്‍സും കൊടുത്തു. സ്ഥിരമായി അവന്‍റെ കയ്യില്‍ നിന്ന് കടം വാങ്ങുന്നത് കൊണ്ടും അവനെ കാണുമ്പോഴൊക്കെ പത്തു പൈസക്ക് ഗതിയില്ലാത്തവനെ പോലെ തോന്നിപ്പിച്ചു അവന്‍റെ ചിലവില്‍ ഭക്ഷണം കഴിക്കുന്നത് ശീലമാക്കിയിരുന്നതിനാല്‍ തന്നെ തന്‍റെ അക്കൌണ്ടില്‍ ഒരു പാട് പൈസ ഉള്ളത് അവന്‍ കാണുമോ എന്ന് ഭയം ഉണ്ടായിരുന്നു. എങ്കിലും അത് ചിന്തിച്ചിരിക്കാനുള്ള സമയമായിരുന്നില്ലലോ അത്. ഉച്ചക്ക് എ ടി എമ്മില്‍ പോയപ്പോള്‍ നൂറു രൂപ നോട്ട് ഇല്ലാത്തതിനാല്‍ അഞ്ഞൂറ് രൂപ എടുത്തത്‌ പേഴ്സില്‍ ഉള്ളതിനാല്‍ അത്രയും കാശ് നഷ്ടമാവുമല്ലോ എന്നോര്‍ത്ത് സങ്കടപ്പെട്ടതും ഉച്ചക്ക് എന്തോ ഒരു ആവശ്യത്തിനു പെന്‍ ഡ്രൈവ് പേഴ്സില്‍ നിന്നെടുതതിനാല്‍ അത് നഷ്ട്ടപെട്ടില്ല എന്ന്വാശ്വസിച്ചും ഞാന്‍ തിരച്ചില്‍ തുടര്‍ന്ന്. തന്‍റെ പിറകില്‍ ഇരിക്കുന്ന സമയത്ത് അവന്‍റെ കൈകള്‍ അവന്‍റെ കയ്യിലുള്ള പ്ലാസ്റ്റിക്‌ ബാഗിലേക്ക് പോയിരുന്നല്ലോ എന്നതും ഓര്‍മ്മ വന്നു. കാര്യം ഇടയ്ക്കിടെ കീഴാള വിരുദ്ധത എന്നൊക്കെ സിദ്ധാന്തം പറയുമെങ്കിലും അവന്‍റെ മുഖം അല്‍പം കറുപ്പായിരുന്നില്ലേ, അതിനാല്‍ അവന്‍ തന്നെയായിരിക്കും അതെടുത്തതെന്നു തീര്‍ച്ചപ്പെടുത്തി, ഏതാനും കീഴാള വിരുദ്ധ തെറികള്‍ മനസ്സില്‍ വിളിച്ച് അവിടെ നിന്ന് തിരിച്ചു പോരാന്‍ തീരുമാനിച്ചു. എന്നാലും കാഷ് എടുത്തിട്ട് പേഴ്സില്‍ ഉള്ള എ ടി എം കാര്‍ഡുകളും ഐഡന്റിറ്റി കാര്‍ഡുകളും മറ്റും അവന്‍ തിരിച്ചേല്‍പ്പിച്ചാലോ എന്ന പ്രതീക്ഷയില്‍ തിരിച്ചു പോരുന്ന വഴിക്കാണു പോലീസ് സ്റ്റേഷനില്‍ കേറി ഒരു എഫ്‌ ഐ ആര്‍ ഫയല്‍ ചെയ്യാമെന്ന് വെച്ചത്. ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ക്ക് അപ്ലൈ ചെയ്യാന്‍ എഫ്‌ ഐ ആര്‍ കോപ്പി ആവശ്യമായിരിക്കുമല്ലോ. പ്രമുഖ പത്രത്തിലെ ക്രൈം റിപ്പോര്‍ട്ടര്‍ ആയ സുഹൃത്തിനെ വിളിച്ച് നിര്‍ദേശങ്ങള്‍ സ്വീകരിച്ച ശേഷം പോലീസ് സ്റ്റേഷന്‍ ലക്ഷ്യമാക്കി ബൈക്ക് കുതിച്ചു. പോകാനുള്ളത് ഏതായാലും പോയി, ഇനി ഇതിനെ കുറിച്ച് എങ്ങനെ ഫേസ്ബുക്കില്‍ ഇടണം, അതിനെ കുറിച്ചെഴുതുമ്പോള്‍ എന്തൊക്കെ കോട്ട് ചെയ്യണം എന്നൊക്കെ അപ്പോള്‍ തന്നെ മനസ്സില്‍ ഒരു ഗൂഗിള്‍ സെര്‍ച്ച്‌ നടത്തി. ഒരു മനുഷ്യന്‍ എന്ന കഥയില്‍ തന്‍റെ പേഴ്സ് നഷ്ടമാവുന്നതിനെ കുറിച്ച് ആഖ്യാതാവ് എഴുതിയിട്ടുള്ളത് എന്തായാലും കോട്ട് ചെയ്യണം എന്നുറപ്പിച്ചു. ബഷീറെന്ന “അനുഭവങ്ങളുടെ കഥാകാരനെ” കോട്ട് ചെയ്യുമ്പോള്‍ മാത്രമാണല്ലോ അതിനൊരു ഇതുള്ളത്.   പേഴ്സ് നഷ്ടമാവുന്ന അനുഭവത്തെ ഒന്ന് കാല്‍പ്പനികവല്‍ക്കരിച്ച്, താന്‍ നാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് മാത്രമാണ് ഒരു സുഹൃത്തിന്‍റെ ഉപദേശം സ്വീകരിച്ചു സ്ഥിരമായി പേഴ്സ് ഉപയോഗിക്കാന്‍ തുടങ്ങിയത്, ആ പേഴ്സ് ആണ് ഇപ്പോള്‍ നഷ്ടമായിരിക്കുന്നതു, മുതലായ കാര്യങ്ങളൊക്കെ കുറിപ്പില്‍ എഴുതണം എന്നൊക്കെ മനസ്സില്‍ ഉറപ്പിച്ചു പോലീസ് സ്റ്റെഷനിലേക്ക് പോയി. പോലീസ് സ്റ്റേഷനെ കുറിച്ചും അവിടെ ആദ്യമായി പോയതിനെ കുറിച്ചും ഒരു പത്തു നൂറു വാക്കുകള്‍ എങ്കിലും എഴുതണം എന്നും മനസ്സില്‍ ഉറപ്പിച്ചു. വാക്കുകളുടെ വ്യാപാരി എന്ന് എം ടി വാസുദേവന്‍ നായരുടെ ഒരു നോവലില്‍ വായിച്ച ശേഷം എല്ലാം വാകുകളുടെ മാത്രം അളവില്‍ ചിന്തിക്കുന്ന ഒരസുഖം പിടികൂടിയതാണല്ലോ. ഓണ്‍ലൈന്‍ ആയി രെജിസ്റ്റര്‍ ചെയ്തിട്ട് പിന്നീട് വന്നാല്‍ മതി എന്ന പോലീസ് സ്റ്റേഷനില്‍ നിന്നുള്ള നിര്‍ദേശം കേട്ട് ക്യാമ്പസിലേക്ക് തിരിച്ചു പോകുന്ന വഴിയും ആലോചന എല്ലാ ഐഡന്റിറ്റി കാര്‍ഡുകളും നഷ്ട്ടപ്പെട്ടതിനാല്‍ തന്നെ ഇനി തനിക്കു വല്ല സ്വതവും ഉണ്ടോ, ഞാന്‍ ഞാന്‍ തന്നെയാണ് എന്ന് എന്താണ് ഉറപ്പു, ഈ അവസ്ഥയ്ക്ക് ഒരു ഭാരമില്ലായ്മ അനുഭവപ്പെടുന്നില്ലേ എന്നൊക്കെ ചുമ്മാ അങ്ങ് ദാര്‍ശനികവല്‍ക്കരിക്കണം എന്നൊക്കെ ആയിരുന്നു. തിരിച്ചു ക്യാമ്പസില്‍ എത്തി ഓണ്‍ലൈന്‍ ആയി കമ്പ്ലൈന്റ് രെജിസ്റ്റര്‍ ചെയ്യാനും അതിലുപരിയായി ഫെസ്ബുക്കില്‍ ഇതിനെ കുറിച്ച് ഒരു “ഗംഭീരന്‍” പോസ്റ്റ്‌ ഇടാനും വേണ്ടി ലൈബ്രറിയില്‍ കേറി ഞാനിരുന്നിരുന്ന ടേബിളില്‍ ചെന്ന് ലാപ്ടോപ് ഓണ്‍ ചെയ്തു പെട്ടെന്ന് കുത്തിക്കുറിക്കുമ്പോള്‍ ആണ് ഞാന്‍ കൈ വെച്ചതിന്‍റെ ഇടതു വശത്തായി എന്‍റെ പേഴ്സ് കാണുന്നത്. എഴുതാനുള്ള നല്ലോരനുഭവം നഷ്ടമായതിന്‍റെ നിരാശയിലും ഇതിനെ എങ്ങനെ എങ്കിലും ഒരു കുറിപ്പ് ആക്കണമല്ലോ എന്ന്‍ തന്നെയായിരുന്നു ചിന്ത. താന്‍ പരിഭ്രാന്തനായി അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത് കണ്ട, അല്ലെങ്കില്‍ പേഴ്സില്‍ നിന്ന് എന്‍റെ ഡീറ്റയില്‍സ് കണ്ടു മതിപ്പ് തോന്നിയ മോഷ്ടാവ് ആ പേഴ്സ് അവിടെ തിരികെ കൊണ്ട് വെച്ചതാവം എന്ന് കാച്ചിയാലോ എന്ന് വരെ ആലോചിച്ചു.

എഴുതാന്‍ പറ്റിയ നല്ലോരനുഭവം നഷ്ടമായ സങ്കടത്തില്‍ ഞാന്‍ നേരത്തെ എന്‍റെ എ ടി എം കാര്‍ഡ് ബ്ലോക്ക്‌ ചെയ്തിരുന്ന സുഹൃത്തിനെ വിളിച്ച് സങ്കടം പറഞ്ഞത്. ഏതായാലും ഇനി അവന്‍റെ അക്കൌണ്ടില്‍ നിന്ന് എന്‍റെ അക്കൌണ്ടിലേക്ക് കാശ് തിരിച്ചിടണം എന്നുണ്ടെങ്കില്‍ രണ്ടു ദിവസം കഴിയേണ്ടി വരും എന്നും അതിനാല്‍ തന്നെ പോക്കറ്റടിക്കപ്പെട്ടവന്‍റെ മാനസികാവസ്ഥയില്‍ തന്നെ ജീവിച്ചോ എന്നും അവന്‍ പറഞ്ഞു. അവന്‍ പറഞ്ഞത് സത്യമായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ആകെ ഉണ്ടായിരുന്ന സമാധാനം ഉച്ചക്ക് നൂറു രൂപ നോട്ട് എ ട്ടി എമ്മില്‍ ഇല്ലാത്തതിനാല്‍ എടുത്തിരുന്ന അഞ്ഞൂറ് രൂപയിലെ ബാക്കി പേഴ്സില്‍ തന്നെ ഉണ്ട് എന്നുള്ളതായിരുന്നു. ഏതായാലും ഒരനുഭാവക്കുറിപ്പ് എഴുതാനുള്ള അവസരം നഷ്ടമായി എന്ന് ഖിന്നിതനായി നില്‍ക്കുമ്പോഴാണ് ലൈബ്രറിയില്‍ ഞാന്‍ ഇരുന്നിരുന്നതില്‍ നിന്നും അല്പം മാറി ഇരിക്കുകയായിരുന്ന ഒരു സുഹൃത്തിനെ പുറത്തു കാന്റീനില്‍ വെച്ച് കാണുന്നത്. പുറത്തു പോകുമ്പോള്‍ പേഴ്സ് ലൈബ്രറിയില്‍ വെച്ച് പോയാല്‍ ആരെങ്കിലും കൊണ്ട് പോകില്ലേ അതോ മറന്നു വെച്ചതായിരുന്നോ എന്ന ചോദ്യത്തിന് മറുപടിയായി എന്‍റെ “അനുഭവം” വിവരിച്ചപ്പോള്‍ പുള്ളി പറഞ്ഞു “നീ ഏതായാലും അവനെ കണ്ടു പിടിച്ചു കുത്തിനു പിടിച്ചു ഇടിക്കാതിരുന്നത് നന്നായി, അല്ലെങ്കില്‍ വളരെ വലിയൊരു അനുഭവക്കുറിപ്പ് എഴുതാന്‍ വകുപ്പായേനെ, നിനക്കല്ല ഞങ്ങള്‍ക്ക്.”