January 15, 2012

എന്‍ എസ് മാധവന്‍ ആരാധനക്കും എം ടി അന്‍സാരി ലൈന്‍ ചിന്താധാരക്കുമിടയില്‍ എന്‍റെ വായനാനുഭവംഎന്‍ എസ് മാധവന്‍ എനിക്കേറ്റവും പ്രിയപ്പെട്ട മലയാള ചെറുകഥാകൃത്താണ്. വായിക്കാന്‍ തുടങ്ങിയ കാലം തൊട്ട്, മാധവന്റെ കഥകളോരോന്നും വല്ലാത്ത വായനാനുഭൂതിയാണ് സമ്മാനിച്ചിട്ടുള്ളത്. ടി പദ്മനാഭനെ വേണമെങ്കില്‍ ചെറുകഥയുടെ കുലപതി എന്ന് വിളിച്ചോളൂ. പക്ഷെ,ആരെയെങ്കിലും കുലപതി എന്ന് വിളിക്കണം എന്ന് എപ്പോഴെങ്കിലും തോന്നിയാല്‍ മാധവനെയേ ഞാന്‍ അങ്ങനെ വിളിക്കുകയുള്ളൂ. കേവലം നാല്‍പതിനടുത്തു കഥകള്‍ മാത്രമേ ഇത് വരെ എഴുതിയിട്ടുള്ളൂ എങ്കിലും അപാരമായ കഥ പറച്ചില്‍ ശൈലി കൊണ്ടും ശ്രദ്ധയോടെ ചെത്തി മിനുക്കിയെടുത്ത വാക്കുകള്‍ കൊണ്ടും എന്റെ മനസ്സില്‍ ചെറുകഥ എന്നതിന്റെ പര്യായമായി മാറിയത് മാധവന്‍ മാത്രമാണ്. പട്ടിയോ പൂച്ചയോ പ്രസവിക്കുന്നത് പോലെ ഇടയ്ക്കിടെ കഥകള്‍ എഴുതുന്നതിലും നല്ലത് ആനപ്പേര്‍ പോലെ വല്ലപ്പോഴുമൊരിക്കല്‍ നല്ല ചില കഥകള്‍ എഴുതുന്നതാണല്ലോ.
ഇന്ദിരാഗാന്ധി എന്ന ‘വന്മരം’ വീണപ്പോള്‍ ആ വീഴ്ചയുടെ ആഘാതത്തില്‍ ഉണ്ടായ ‘ചെറിയ’ ഭൂമികുലുക്കത്തില്‍ ജീവന്‍ നഷ്ടപെട്ടവരുടെയും ജീവന് വേണ്ടി യാചിക്കേണ്ടി വന്നവരുടെയും വ്യഥ, രാജീവ് ഗാന്ധിയുടെ ‘ഒരു വന്മരം വീഴുമ്പോള്‍ ചുറ്റുമുള്ള ഭൂമി അല്‍പം കുലുങ്ങുന്നത് സ്വാഭാവികമാണെ’ന്നുള്ള പരാമര്‍ശത്തെ ആധാരമാക്കി വന്മരങ്ങള്‍ വീഴുമ്പോള്‍ എന്ന കഥയിലൂടെ മാധവനും പില്‍ക്കാലത്ത് ഗുജറാത്ത് കലാപ പശ്ചാത്തലത്തില്‍ അതിന്റെ ദൃശ്യാവിഷ്കാരത്തിലൂടെ ശശി കുമാറും കാണിച്ചു തന്നപ്പോള്‍ ഉള്ളില്‍ തറക്കുന്ന ഒരനുഭവമാണ് അതുണ്ടാക്കിയത്. വായനക്കാരന്റെ ഹൃദയത്തോട് സംവദിക്കാന്‍ കഴിയുമ്പോഴാണ് ഒരെഴുത്തുകാരന്‍ മികച്ച അല്ലെങ്കില്‍ പ്രിയപ്പെട്ട എഴുത്തുകാരന്‍ആവുന്നതെങ്കില്‍ ഈ ഒരൊറ്റ കഥ മാത്രം മതി എനിക്ക് മാധവനെ ഒരു മികച്ച എഴുത്തുകാരനായി കണക്കാക്കാന്‍.
ലിംഗാഗ്രചര്‍മ്മത്തിന്‍റെ അഭാവം എങ്ങനെ കലാപ സമയങ്ങളില്‍ ഒരു മുസ്ലിിമിന്റെ identity marker ആവുന്നു എന്നത് പോലെ തന്നെയാണ് ജഗ്ഗി എന്ന സിഖ് ബാലന് തന്റെ മതവിശ്വാസത്തിന്റെ ഭാഗമായ തലപ്പാവും നീട്ടി വളര്‍ത്തിയ മുടിയും വിനയാവുന്നത്. (കഥ വായിച്ചതും സിനിമ കണ്ടതും ഏതാണ്ട് ഒരേ സമയത്ത് ആയത് കൊണ്ട് overlapping ഉണ്ടാവാന്‍ സാധ്യത ഉണ്ട്). മുടി മുറിക്കുമ്പോള്‍ ആ ബാലനുണ്ടാവുന്ന സങ്കടം മനസിലാക്കാന്‍ ഒരു ന്യൂനപക്ഷത്തിന്റെ ഭാഗമായ ആള്‍ തന്നെ ആവണമെന്നില്ല.
ഡല്‍ഹിക്ക് ഇന്ത്യാ ഗേറ്റ് പോലെയും, കൊല്‍ക്കത്തക്ക് ഹൌെറ പാലം പോലെയും മുംബൈക്ക് ഗേറ്റ്വേ ഓഫ് ഇന്ത്യ പോലെയും, ചിഹ്നമില്ലതിരുന്ന അഹമ്മദാബാദിന്റെ ചിഹ്നമായി മാറിയ കുത്ബുദ്ദീന്‍ അന്‍സാരിയുടെ, ജീവന് വേണ്ടി കൂപ്പുകൈകളോടെ യാചിക്കുന്ന ദയനീയ ചിത്രം മാധവന്‍ തന്റെ വാക്കുകളിലൂടെ വരച്ചു കാട്ടിയപ്പോള്‍ ചോര അല്‍പം തിളച്ചോ എന്ന് പോലും സംശയം തോന്നി. ബാബരി മസ്ജിദ് പൊളിച്ചതിനെ കുറിച്ചുള്ള വാര്‍ത്തയില്‍ തന്റെ വ്യക്തിപരമായ അഭിപ്രായത്തിനപ്പുറം ഒരു മതേതര സ്വത്വം എടുത്തണിഞ്ഞു, അല്ലെങ്കില്‍ രാജാവിനെക്കാള്‍ അധികം രാജഭക്തി കാണിക്കാന്‍ നിര്‍ബന്ധിതയാക്കപ്പെട്ട് തര്‍ക്ക മന്ദിരം എന്നെഴുതേണ്ടി വരുന്ന സുഹ്റയുടെ സ്വതപ്രതിസന്ധിയും അത് ‘തിരുത്താന്‍’ ചുല്യാറ്റ് കാണിച്ച ധീരതയും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരോട് മാധവനിലെ എഴുത്തുകാരന്‍ കാണിക്കുന്ന ഹൃദയവായ്പായാണ് ഞാന്‍ മനസിലാക്കിയത്.
ഇത്രയൊക്കെ ന്യൂനപക്ഷ അപര സ്വതങ്ങളെ കുറിച്ച്, ന്യൂനപക്ഷ വ്യവഹാര പഠനങ്ങളില്‍ suggested reading list ല്‍ ഇടം നേടാവുന്ന കഥകള്‍ എഴുതിയിട്ടുള്ള, ( ഓര്‍ക്കുക, Image and Representation : Stories of Muslim Lives in India എന്ന പേരില്‍ മുഷിറുള്‍ ഹസനും എം അസദുദ്ദീനും കൂടി ഇന്ത്യന്‍ മുസ്ലിം ജീവിതത്തെ കുറിച്ചുള്ള കഥകളുടെ സമാഹാരം Oxford University Pressനു വേണ്ടി എഡിറ്റ് ചെയ്തപ്പോള്‍ ഇസ്മത്ത് ചുഗ്ത്തയി, ബഷീര്‍ മുതലായ എഴുത്തുകാരുടെ കഥകള്‍ക്കൊപ്പം സ്ഥാനം പിടിച്ച കഥയാണ് മാധവന്‍റെ മുംബയ്) മാധവന്‍ എന്ത് കൊണ്ട് ന്യൂനപക്ഷ, കീഴാളപഠനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള നിരൂപകരുമായി ഹിഗ്വിറ്റ എന്ന കഥയുമായി ബന്ധപ്പെട്ട് കൊമ്പ് കോര്‍ക്കേണ്ടി വന്നു എന്നത് ആരെയും അത്ഭുതപ്പെടുത്തിയേക്കാം. ഹിഗ്വിറ്റയിലെ ജബ്ബാര്‍ എന്ന മുസ്ലിം കഥാപാത്രത്തിന്റെ നിര്‍മിതിയുമായി ബന്ധപ്പെട്ട് പച്ചക്കുതിരയിലെ ലേഖനത്തിലൂടെയും അതിനു മുന്‍പ് (എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍) ബറോഡയിലെ എം എസ് യൂണിവേഴ്സിറ്റിയില്‍ 2003 ല്‍ നടന്ന ഒരു സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധത്തിലൂടെയും ( എം ടി അന്‍സാരിയും ദീപ്ത അച്ചാറും ചേര്‍ന്ന് എഡിറ്റ് ചെയ്തു സാഹിത്യ അക്കാദമി പുറത്തിറക്കിയ ? Democracy, Discourse and Difference എന്ന പുസ്തകത്തില്‍ ഈ പ്രബന്ധം കാണാം) ആദ്യമായി വിമര്‍ശനം ഉയര്‍ത്തിയ എം.ടി അന്‍സാരി എന്ന എന്റെ അധ്യാപകനോട്, മാധവനോടുള്ളതില്‍ അധികമൊന്നും കുറവില്ലാത്ത ഒരു പ്രിയം, വേറൊരു തരത്തിലും തലത്തിലും ഉള്ളതാണെങ്കിലും, എനിക്കുണ്ട്.തീക്ഷ്ണമായ വാക്കുകള്‍ കൊണ്ട് ഹൃദയത്തില്‍ തറച്ച വേറൊരു കഥയാണ് ‘മുംബയ്’. ആ സമയത്ത് ജനിച്ചിട്ടില്ലാത്തതിനാല്‍ 1971ലെ ഇന്‍ഡോ-പാക് യുദ്ധത്തിനു മുന്‍പ് ഇന്ത്യയില്‍ ഉണ്ട് എന്ന് തെളിയിക്കാന്‍ പറ്റാത്തതിനാലും മലപ്പുറം ജില്ലയിലെ പാങ്ങ് എന്ന ജന്മസ്ഥലം ഇന്ത്യ എന്നാ മഹാരാജ്യത്തിന്റെ ഭൂപടത്തില്‍ കാണാത്തതിനാലും റേഷന്‍കാര്‍ഡ് കിട്ടാന്‍ നൂറു തവണ വെറുതെ ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരുന്ന അസീസിന്റെ അനുഭവം മതന്യൂനപക്ഷങ്ങള്‍ക്കും മറ്റു മര്‍ദ്ദിത സമൂഹങ്ങള്‍ക്കും പതിവ് അനുഭവം ആയ കാലത്ത് ഇങ്ങനെയൊരു കഥ എഴുതിയ മാധവന്റെ കഥയുടെ രാഷ്ട്രീയത്തോട് ബഹുമാനം തോന്നിയിരുന്നു. ഐഡന്റിറ്റിറ്റി തെളിയിക്കാന്‍ വേണ്ടി അസീസിനോട് ഒരായിരം ചോദ്യങ്ങങ്ങളും രേഖകളും ചോദിക്കുന്ന ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ഓഫീസര്‍, ഒരു പാതിരാത്രിയില്‍ ആരെങ്കിലും വിളിച്ചുണര്‍ത്തി ഐഡന്റിറ്റി തെളിയിക്കാന്‍ പറഞ്ഞാല്‍ സഹോദരി എന്ത് ചെയ്യും എന്നുള്ള അസീസിന്റെ ചോദ്യത്തിന് ഞാനെന്റെ പേര് പറയും, അതില്‍ എന്റെ മതവും ദേശവും എല്ലാമുണ്ട് എന്നാണ് മറുപടി നല്‍കുന്നത് . ഈ ഒരൊറ്റ ചോദ്യത്തിലും ഉത്തരത്തിലും അപര സ്വത്വങ്ങളുടെയും ന്യൂനപക്ഷ സ്വത്വങ്ങളുടെയും പ്രതിസന്ധി ശക്തമായി വരച്ചിടാന്‍ മാധവനാവുന്നു.
ഒരു മുസ്ലിം നാമധാരി (ജബ്ബാര്‍) വില്ലനായി വന്നു എന്നുള്ളതല്ല അന്‍സാരി ഉയര്‍ത്തിയ അടിസ്ഥാന പ്രശ്നം. മുസ്ലിം കഥാപാത്രങ്ങള്‍ കഥയില്‍ വരുമ്പോള്‍ ഒന്നുകില്‍ അവര്‍ നിരക്ഷര നിഷ്കളങ്കരായിരിക്കണമെന്നോ (പല എഴുത്തുകാരും പിന്തുടരുന്ന ഒരു വാര്‍പ്പ് മാതൃക) അല്ലെങ്കില്‍ അവരെ കേവലം ഇരകളായി മാത്രമേ ചിത്രീകരിക്കാവൂ എന്നൊന്നുമല്ല അന്‍സാരി പറഞ്ഞത്. മറിച്ച്, എങ്ങനെയാണ് ജനകീയ സംസ്കാരത്തില്‍ (popular culture) നിലനില്‍ക്കുന്ന മുസ്ലിം അപര സ്വത്വ നിര്‍മ്മിതിയില്‍ മാധവന്റെ ജബ്ബാര്‍ എന്ന കഥാപാത്ര നിര്‍മിതിയും ഭാഗഭാക്കാവുന്നത് എന്നാണ്. കേരളീയ സാമൂഹ്യ-സാംസ്കാരിക-സാഹിത്യ -പരിസരത്തിന്റെ സവിശേഷ പശ്ചാത്തലത്തില്‍ മലബാറും അത് പോലെ മലബാറിലെ ജനപ്രിയ കായിക ഇനമായ സെവന്‍സ് ഫുട്ബോളും എങ്ങനെയാണ് ഹിഗ്വിറ്റയില്‍ അപരവല്‍ക്കരിക്കപ്പെട്ടത് എന്ന് കൂടി അന്‍സാരി പരിശോധിക്കുന്നു. 
ബഷീര്‍ സാഹിത്യത്തിലെ കറുത്ത ഗര്‍ത്തങ്ങള്‍ എന്ന ലേഖനത്തില്‍ (ഈയിടെ മാതൃഭൂമി ബുക്സ് പുറത്തിറക്കിയ പുറം മറുപുറം എന്ന ലേഖന സമാഹാരത്തില്‍ ഇത് കാണാം) മാധവന്‍ പറയുന്നു, ബഷീര്‍ സാഹിത്യത്തില്‍ നിരൂപകര്‍ തമസ്കരിച്ച കറുത്ത ഗര്‍ത്തങ്ങള്‍ ഉണ്ടെന്ന്. അദ്ദേഹത്തിന്റെ ലേഖനം വായിച്ച ശേഷം ആ കാര്യങ്ങളോട് യോജിക്കാന്‍ മാത്രമേ എനിക്കും പറ്റിയുള്ളൂ. ബഷീര്‍ കൃതികളുടെ പുനര്‍വായന ആവശ്യപ്പെടുന്ന മാധവനെന്തേ ,പക്ഷെ, അന്‍സാരിയുടെ നിരൂപണത്തെ അതിന്റേതായ സ്പിരിറ്റില്‍ എടുക്കാന്‍ അന്ന് തയാറായില്ല?
1990 ല്‍ പുറത്തു വന്ന ഹിഗ്വിറ്റ തീര്‍ച്ചയായും മലയാള കഥാഖ്യാന ശൈലിയില്‍ പ്രകടമായ മാറ്റം കൊണ്ടുവന്ന ഒരു കൃതിയാണ്. എന്ന് വെച്ച് അതിനെ വേറൊരു വായനാ/നിരൂപണ രീതിയില്‍ വായിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനോട് ഇത്ര അസഹിഷ്ണുത മാധവനും ആരാധകരും പുലര്‍ത്തേണ്ടതുണ്ടായിരുന്നോ? അധിനിവേശാനന്തര പഠനത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് സാഹിത്യത്തിലെ മഹത്തായ കൃതികള്‍ എന്ന് കരുതപ്പെടുന്ന Robinson Crusoe, Mansfield Park, Heart of Darkness മുതലായവ പോലും പുനര്‍വായന നടത്തപ്പെടുമ്പോള്‍ അസഹിഷ്ണുത കാണിച്ചിട്ട് കാര്യമുണ്ടോ?
വിദ്യാര്‍ഥിയായിരുന്ന അന്‍സാരി നടത്തിയ അപക്വമായ അതിവായനയായിരുന്നു ഹിഗ്വിറ്റ വിമര്‍ശനമെന്ന് കഴിഞ്ഞ വര്‍ഷം മാതൃഭൂമി ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ മാധവന്‍ പറയുന്നു . അന്‍സാരിയുടെ പഠനം പുറത്തു വന്ന സമയത്ത് ‘അന്‍സാരി’ എന്ന പേരിനെ സൂചിപ്പിച്ചു കൊണ്ട് (അന്‍സാരി ഉത്തരേന്ത്യന്‍ മുസ്ലിംകളുടെ ഇടയിലുള്ള ഒരു ജാതിപ്പേര് കൂടിയാണ്) സ്വന്തമായി ഒരു പേര് പോലും ഇല്ലാത്ത ഒരാളുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ താന്‍ തയാറല്ല എന്നോ മറ്റോ മാധവന്‍ പറഞ്ഞതായി കേട്ടിരുന്നു. എന്നാല്‍ അന്‍സാരിയുടെ വിമര്‍ശനം ഒരു തരത്തില്‍ ന്യായമാണെന്നും സ്വത്വരാഷ്ട്രീയം എന്ന ഒരു പ്രത്യേക തത്വചിന്താ ശാഖയോടു ബന്ധപ്പെട്ട ഒരു തരം വായനയാണ് അതെന്നുമാണ് ഈയിടെ ഏഷ്യാനെറ്റില്‍ ഷാജഹാനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത്. ഒരു കൃതി ഒരു തരത്തില്‍ മാത്രമേ വായിക്കാവൂ എന്നോ ഒരു പ്രത്യേക രീതിയില്‍ വായിക്കാന്‍ പാടില്ല എന്നോ ഘടനാവാദാനന്തര വാദത്തിന്റെ വക്താക്കളായിരുന്ന ഫൂക്കോയുടെയും ബാര്‍ത്തിന്റെയും പാഠത്തെക്കുറിച്ചും അര്‍ത്ഥ നിര്‍മിതിയില്‍ വായനക്കാരനുള്ള പങ്കിനെ കുറിച്ചും മറ്റുമുള്ള സിദ്ധാന്തങ്ങളുടെ വെളിച്ചത്തില്‍ ആരും പറയാന്‍ ധൈര്യപ്പെടില്ല. അന്‍സാരിയും അത്തരമൊരു വായന നടത്തി എന്ന് വെച്ചാല്‍ മതി.
കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയില്‍ രാമന്റെ ഗുണഗണങ്ങളും കുറ്റങ്ങളും വിവരിക്കുന്നതിനിടെ തന്നെ കാട്ടിലുപേക്ഷിച്ച ശ്രീരാമന്റെ ചെയ്തിയെ ന്യായീകരിക്കാനായി സീത പറയുന്നുണ്ട് “ചില വീഴ്ച്ച മഹാനു ശോഭയാം മലയില്‍ കന്ധരമെന്ന പോലെ.”
മലകള്‍ക്കിടയില്‍ ചെറിയ ഗുഹകള്‍ സ്വാഭാവികമാണെന്നും അവ അഭംഗിയല്ല മറിച്ച് അലങ്കാരമാണെന്നും. ഒരു വന്‍പര്‍വതം പോലെ തന്നെ ഞാന്‍ കരുതുന്ന മാധവനില്‍ ചെറിയ ചെറിയഗുഹകളാകുന്ന കുറ്റങ്ങള്‍ ഉണ്ടെങ്കില്‍ അവ കണ്ടില്ലെന്നു നടിക്കാനോ അല്ലെങ്കില്‍ അവ അലങ്കാരമാണെന്ന് നടിക്കാനോ ഞാന്‍ പക്ഷെ ആശാന്റെ സീതയെ പോലെ അത്രയ്ക്ക് നിഷ്കളങ്കന്‍ അല്ലല്ലോ
.